കൊച്ചി- ദുബായില്‍ തൂങ്ങി മരിച്ച ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വനിതാ സുഹൃത്ത് ആംബുലന്‍സില്‍ മൃതദേഹവുമായി അലഞ്ഞത് ഒരു പകല്‍ മുഴുവന്‍. ഒടുവില്‍ പോലീസ് സ്‌റ്റേഷനുകള്‍ മാറിമാറിക്കയറി അനുമതി നേടിയെടുത്ത ശേഷം രാത്രിയോടെ ആലുവ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്. ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയോടൊപ്പമാണ് നാലുവര്‍ഷമായി ജയകുമാര്‍ താമസിച്ചിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച ജയകുമാര്‍ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടയിലായിരുന്നു ജയകുമാര്‍ ദുബായില്‍ ആത്മഹത്യ ചെയ്തത്. ഇക്കാര്യം ജയകുമാറിന്റെ ബന്ധുക്കളെ സഫിയ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാനോ മരണപത്രം ഒപ്പിട്ടു നല്‍കാനോ ബന്ധുക്കള്‍ തയ്യാറായില്ല. ഇതോടെ സംസ്‌കാരത്തിന് അനുമതി നല്‍കാന്‍ പോലീസിനും കഴിയാതെ വന്നു. ആലുവ പോലീസ് സ്റ്റേഷനു മുന്നില്‍ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എന്‍ഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സഫിയ ഏറ്റുമാനൂര്‍ പോലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മരണപത്രത്തില്‍ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടതോടെയാണ് പകല്‍മുഴുവന്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചത്. തുടര്‍ന്ന് മൃതദേഹം ആലുവയില്‍ കൊണ്ടുവന്ന് സംസ്‌കരിക്കുകയായിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചതെന്നാണ് വിവരം. ഭാര്യയുമായി അകല്‍ച്ചയിലായിരുന്ന ജയകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.