കുവൈത്ത് സിറ്റി- തൊഴിലാളികളുടെ സംരക്ഷണവും തൊഴിലുടമയുടെ അവകാശങ്ങളും സംബന്ധിച്ച് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് പൗരന്മാര്‍ക്കുള്ള എല്ലാ പുതിയ വിസകളും കുവൈത്ത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
കുവൈത്തിലെ 4.7 ദശലക്ഷം ജനസംഖ്യയുടെ ആറു ശതമാനം ഫിലിപ്പീന്‍സ് പൗരന്മാരാണെന്നാണ് സര്‍ക്കാര്‍ കണക്ക്. രാജ്യത്ത് 32 ശതമാനം മാത്രമാണ് കുവൈത്തികള്‍.
വീട്ടുജോലിക്കാരിയായ ജുലേബി റണാറയുടെ മൃതദേഹം ജനുവരിയില്‍ ജനുവരിയില്‍ കുവൈത്ത് മരുഭൂമിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഫിലിപ്പീന്‍സ് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തിവെച്ചിരുന്നു.
വലിയൊരു വിഭാഗം ഫിലിപ്പീന്‍സ് പൗരന്മാര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനം വിദേശത്തുനിന്നയക്കുന്ന പണമാണ്.
ഉഭയകക്ഷി തൊഴില്‍ കരാര്‍ ഫിലിപ്പീന്‍സ് ലംഘിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി ഗാര്‍ഹിക തൊഴിലാളികളുടെ മരണങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലാളി സംരക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് 2018 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.
തൊഴിലാളികളെ ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കാതെ ഓടിപ്പോയവരെ തിരയുക, അധികൃതരുടെ അനുമതിയില്ലാതെ കുവൈത്ത് പൗരന്മാരുമായി ആശയവിനിമയം നടത്തുക, തൊഴില്‍ കരാറുകളില്‍ വ്യവസ്ഥകള്‍ ചേര്‍ക്കാന്‍ കുവൈത്തി തൊഴിലുടമകളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നിവയാണ് കരാര്‍ ലംഘനങ്ങളായി ആഭ്യന്തര മന്ത്രാല്യം വ്യക്തമാക്കുന്നത്.
ഫിലിപ്പീന്‍സ് എംബസിയും സര്‍ക്കാരും കൈക്കൊള്ളുന്ന എല്ലാ നടപടികളും സ്വന്തം പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യ വകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
വിദേശ രാജ്യത്തുള്ള പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കീഴില്‍ കോണ്‍സുലാര്‍ ഓഫീസുകളുടെ കടമയാണെന്നും പ്രസ്താവനയില്‍ പറയുന്നു.