സോച്ചി- ഫുട്‌ബോൾ ഗ്രൗണ്ടുകൾ പലപ്പോഴും യുദ്ധക്കളങ്ങളാകാറുണ്ട്. കളിക്കാർ ഏറ്റുമുട്ടാറുണ്ട്. എന്നാൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കാട്ടിയ അനന്യ മാതൃക, പിരിമുറുക്കം നിറഞ്ഞ മനസ്സുകളെ തണുപ്പിക്കുന്നതായി. ഫുട്‌ബോളിനുതന്നെ എന്നെന്നും മാതൃകയാവുന്ന സ്‌പോർട്‌സ്മാൻ സ്പിരിറ്റ്.
ലോകകപ്പിൽ തന്റെയും രാജ്യത്തിന്റെയും പ്രതീക്ഷകളെ തച്ചുടച്ച ഉറുഗ്വായ് സ്‌ട്രൈക്കർ എഡിൻസൺ കവാനി പേശിവലിവുമൂലം ഗ്രൗണ്ട് വിടുമ്പോൾ സഹായത്തിന് ഓടിയെത്തിയ റൊണാൾഡോ, സോച്ചിയിലെ ഫിഷ്ത് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ചു. കവാനി വേച്ചുവേച്ച് ഗ്രൗണ്ടിൽനിന്ന് നടക്കുന്നതുകണ്ട റൊണാൾഡോയാണ് ഓടിച്ചെന്ന് ചുറ്റിപ്പിടിച്ച് പുറത്തുവരെ കൊണ്ടുപോയത്. ഗാലറി എഴുന്നേറ്റുനിന്ന് കയ്യടിച്ചുപോയി, ആ കാഴ്ചകണ്ട്. ഈ കവാനിയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വായ്ക്കുമുന്നിൽ പോർച്ചുഗൽ തോൽക്കാൻ ഇടയാക്കിയത്. ഫുട്‌ബോൾ ഗ്രൗണ്ടിൽ മാത്രമല്ല, മനുഷ്യനെന്ന നിലയിലും താൻ സൂപ്പർ സ്റ്റാറെന്ന് തെളിയിക്കുകയായിരുന്നു റൊണാൾഡോ.