സമാറ- റഷ്യയിൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പ്രമുഖരെല്ലാം ഒന്നിനുപിന്നാലെ ഒന്നായി നാട്ടിലേക്ക് മടങ്ങുമ്പോൾ, രണ്ടാം റൗണ്ടിൽ ഇന്ന് കടുത്ത വെല്ലുവിളിക്കുമുന്നിലാണ് ബ്രസീൽ. എതിരാളികൾ മെക്‌സിക്കോ ആണെന്നതുതന്നെ കാരണം.
ലോകകപ്പിൽ രണ്ടാം റൗണ്ടിലെത്തിയ മറ്റെല്ലാ ടീമുകളെയും അപേക്ഷിച്ച് ബ്രസീലിനെതിരെ മികച്ച റെക്കോഡുള്ള ടീമാണ് മെക്‌സിക്കോ. റഷ്യയിൽ രണ്ടാം റൗണ്ടിലെത്തിയവരിൽ ഏഴ് ടീമുകൾക്ക് 2000നുശേഷം ബ്രസീലിനെ ഒരിക്കൽ പോലും തോൽപ്പിക്കാനായിട്ടില്ലെങ്കിൽ, മെക്‌സിക്കോ ഇക്കാലയളവിൽ നടന്ന 14 മത്സരങ്ങളിൽ ആറ് തവണ ബ്രസീലിനെ തോൽപ്പിച്ചു. ഈ ആറ് വിജയങ്ങളും വിവിധ ടൂർണമെന്റുകളിലായി നടന്ന ഒമ്പത് മത്സരങ്ങൾക്കിടെയായിരുന്നു. രണ്ട് തവണ മാത്രമാണ് മെക്‌സിക്കോ ഇതിനിടെ ബ്രസീലിനോട് തോറ്റത്.
സമീപ കാലത്ത് ടൂർണമെന്റുകളിൽ കളിക്കുമ്പോൾ മെക്‌സിക്കോക്ക് ബ്രസീലിനെതിരെ മികച്ച റെക്കോഡാണ്. 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ ബ്രസീലിനെ തോൽപ്പിച്ചാണ് മെക്‌സിക്കോ ഫുട്‌ബോൾ സ്വർണം നേടിയത്.
പക്ഷെ മെക്‌സിക്കോയോട് നേരിടുന്ന തോൽവികളൊന്നും ബ്രസീലിന്റെ പിന്നീടുള്ള പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നതും ചരിത്രം. 2001ലെ കോപാ അമേരിക്കയിൽ മെക്‌സിക്കോ 1-0ന് ബ്രസീലിനെ തോൽപ്പിച്ചു. പക്ഷെ അതേ ബ്രസീൽ ടീം തൊട്ടടുത്ത വർഷം ലോക ചാമ്പ്യന്മാരായി. 2007ലെ കോപ അമേരിക്കയിൽ തുടക്കത്തിൽ മെക്‌സിക്കോയോട് തോറ്റെങ്കിലും ബ്രസീൽ പിന്നീട് അവിടെ ചാമ്പ്യന്മാരായി.
ബ്രസീലിനെ നന്നായി അറിയാവുന്ന, തോൽപ്പിച്ച് ശീലമുള്ള ടീമാണ് മെക്‌സിക്കോ. ബ്രസീലിന്റെ കരുത്ത് ഇന്ന് അവർക്ക് ശരിക്കും പരീക്ഷിക്കാനാവും. ആ പരീക്ഷണം അതിജീവിക്കുകയാണ് കോച്ച് ടിറ്റെയുടെ മുന്നിലുള്ള വെല്ലുവിളി.
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് വിജയങ്ങൾ നേടിയെങ്കിലും, ആരാധകർ പ്രതീക്ഷിച്ചത്ര ഗംഭീരമായിരുന്നില്ല ലോകകപ്പിൽ ഇതുവരെ ബ്രസീലിന്റെ പ്രകടനം. ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലാൻഡിനോട് സമനില. പിന്നീട് കോസ്റ്ററീക്കയെയും സെർബിയയെയും 2-0 മാർജിനിൽ തോൽപ്പിച്ചു.
നെയ്മാർ ശരിയായ ഫോമിലേക്കുയർന്നിട്ടില്ലെന്നതാണ് ബ്രസീലിന്റെ പ്രശ്‌നം. കൗട്ടീഞ്ഞോയും വില്യനും ആക്രമണത്തിൽ തങ്ങളുടെ ദൗത്യം ഭംഗിയായി നിർവഹിക്കുന്നുണ്ട്. എങ്കിലും എടുത്തുപറയേണ്ട സവിശേഷത ബ്രസീൽ പ്രതിരോധം അതിശക്തമായി എന്നതാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബ്രസീൽ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ നാണക്കേടിൽനിന്ന് ബ്രസീൽ ശരിക്കും പാഠം പഠിച്ചു. ഈ പ്രതിരോധത്തെ മറികടക്കുകയും, ഒപ്പം നെയ്മാറെ പൂട്ടുകയുമാണ് മെക്‌സിക്കോ നേരിടുന്ന വെല്ലുവിളി.