കൊച്ചി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. വിയറ്റ്‌നാമിലെ ഹോ-ചി- മിന്‍ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ പൂര്‍വ്വേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45 പ്രതിവാര വിമാന സര്‍വീസുകളാവും.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ വിയറ്റ്‌ജെറ്റ് ആണ് ഹോ-ചി- മിന്‍ സിറ്റിയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യത്തെ വിമാന സര്‍വീസാണിത്.
സിയാലിന്റെയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് പുതിയ സര്‍വീസ് സുപ്രധാന നാഴികക്കല്ലാകും. നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
സിംഗപ്പൂരിലേക്ക് രണ്ടു പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ ആറു ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സര്‍വീസും ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സര്‍വീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇപ്പോഴുള്ളത്.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. കേരളത്തിനും വിയറ്റ്നാമിനുമിടയില്‍ നേരിട്ടുള്ള പുതിയ എയര്‍ റൂട്ട് ആരംഭിക്കുന്നത് ടൂറിസം വ്യവസായത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് പുതിയ എയര്‍ റൂട്ട് അടയാളപ്പെടുത്തുന്നത്. യാത്രക്കാര്‍ക്ക് അവരുടെ വിവിധ ആവശ്യങ്ങള്‍ക്കനുസൃതമായി പശ്ചിമ പൂര്‍വ്വേഷ്യയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം സിയാല്‍ സാധ്യമാക്കുന്നു. മാത്രമല്ല, സാമ്പത്തിക വളര്‍ച്ചയ്ക്കും സാംസ്‌കാരിക വിനിമയത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സേവനങ്ങള്‍ സിയാലിന് സഹായകമാവുമെന്നും എസ്. സുഹാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 89.82 ലക്ഷം യാത്രക്കാരെ സിയാല്‍ കൈകാര്യം ചെയ്തിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളം.