കുവൈത്ത് സിറ്റി - മൂന്നു മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കുവൈത്തി യുവാവ് മുബാറക് അലി അല്‍റശീദിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍സാല്‍മി ഏരിയയില്‍ മരുഭൂമിയില്‍ കണ്ടെയ്‌നറിനകത്ത് കാര്‍പെറ്റില്‍ പൊതിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഒരാളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി ആരോപണം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരുഭൂമിയില്‍ കണ്ടെയ്‌നറിനകത്ത് കാര്‍പെറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ മുബാറക് അല്‍റശീദിയുടെ മൃതദേഹം കണ്ടെത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടെത്തിയതാണ് മുബാറക് അല്‍റശീദിയെ കൊലപ്പെടുത്താന്‍ പ്രതിയായ ഹസനെ പ്രേരിപ്പിച്ചതെന്ന് കുവൈത്തി മാധ്യമപ്രവര്‍ത്തകന്‍ അബൂത്വലാല്‍ അല്‍ഹംറാനി പറഞ്ഞു. ഈജിപ്തുകാരനൊപ്പം പ്രതി ഹസന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അപ്രതീക്ഷിതമായി സ്ഥലത്തത്തിയ മുബാറക് അല്‍റശീദിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇത് മുബാറക് അല്‍റശീദിയെ രോഷാകുലനാക്കി. ഇതോടെ പ്രതി ഹസന്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുബാറക് അല്‍റശീദിയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തമ്പ് കെട്ടാന്‍ ഉപയോഗിക്കുന്ന കട്ടികൂടിയ തുണിയില്‍ മൃതദേഹം പൊതിഞ്ഞ് ഒളിപ്പിച്ച് അല്‍സാല്‍മി മരുഭൂമിയില്‍ മറ്റാരും കാണാത്ത നിലയില്‍ ഉപേക്ഷിക്കാന്‍ ഈജിപ്തുകാരനെ ഹസന്‍ ചട്ടംകെട്ടി. താനും ഈജിപ്തുകാരനും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ സുരക്ഷാ വകുപ്പുകളുടെ ശ്രദ്ധയില്‍ പെട്ടതായി മനസ്സിലാക്കിയതോടെ ഈജിപ്തുകാരനോട് സ്വദേശത്തേക്ക് രക്ഷപ്പെടാന്‍ ഹസന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം കണ്ടെത്തിയ സുരക്ഷാ വകുപ്പുകള്‍ ഈജിപ്ഷ്യന്‍ അധികൃതരുമായി ആശയവിനിമയം നടത്തുകയും അറസ്റ്റ് ചെയ്ത പ്രതിയെ കുവൈത്ത് സുരക്ഷാ സംഘം കയ്‌റോയില്‍ എത്തി സ്വീകരിച്ച് കുവൈത്തില്‍ എത്തിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ അല്‍സാല്‍മി മരുഭൂമിയില്‍ മൃതദേഹം ഒളിപ്പിച്ചുവെച്ച സ്ഥലത്തെ കുറിച്ച് ഈജിപ്തുകാരന്‍ വിവരം നല്‍കുകയായിരുന്നെന്നും കുവൈത്തി മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.