Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷൻ കേസ്; ശിവശങ്കറിന്റെയും സന്തോഷ് ഈപ്പന്റെയും ജാമ്യാപേക്ഷകൾ തള്ളി    

കൊച്ചി - ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിന് കേസിൽ വീണ്ടും തിരിച്ചടി. റിമാൻഡിലുള്ള ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കൊച്ചിയിലെ വിചാരണ കോടതിയാണ് തള്ളിയത്. 
 ചികിത്സ കാരണം പറഞ്ഞാണ് എം ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. തുടർന്ന് ഇ.ഡി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളുകയായിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെയാണിത്.
 വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ളത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കം യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു.എ.ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല. ലൈഫ് മിഷൻ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷനൻ കേസെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
 ജാമ്യ ഉപാധികളിൽ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തളളി. തന്റെ പാസ്‌പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം. ഇതും കോടതി അംഗീകരിച്ചില്ല.
 

Latest News