മോസ്‌കോ- ലോകകപ്പ് മത്സരങ്ങളുടെ പ്രതിഫലത്തുക ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകുമെന്ന് ഫ്രാൻസിന്റെ കൗമാര താരം കിലിയൻ എംബാപ്പെ. രാജ്യത്തെ പ്രതിനിധീകരിക്കാൻ സ്വന്തമായി പ്രതിഫലം വാങ്ങേണ്ട ആവശ്യമില്ലെന്നാണു യുവതാരത്തിന്റെ അഭിപ്രായം.
17,000 യൂറോയും (ഏകദേശം 13 ലക്ഷം രൂപ) ബോണസുമാണ് എംബാപ്പെക്ക് ഓരോ മത്സരത്തിനും ലഭിക്കുന്ന പ്രതിഫലം. ഈ തുക മുഴുവനായി പ്രിയേഴ്‌സ് ദെ കോർഡീസ് അസോസിയേഷൻ എന്ന ചാരിറ്റബിൾ സംഘടനക്കു കൈമാറുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കായിക വിനോദങ്ങൾ സംഘടിപ്പിക്കുന്ന സംഘടനയാണ് പ്രിയേഴ്‌സ് ദെ കോർഡീസ്. ലോകകപ്പ് വിജയിക്കാനായാൽ 265,000 യൂറോ (ഏകദേശം 2.3 കോടി രൂപ) എംബാപ്പെക്ക് ബോണസായി ലഭിക്കും.
കളിയിൽ ജയിച്ച് ഈ തുക ലഭിച്ചാൽ ഇതും സംഘടനക്കു കൈമാറാൻ പത്തൊമ്പതുകാരനായ എംബാപ്പെ തയാറാണ്. കഴിഞ്ഞ വർഷം മൊണോക്കോയിൽനിന്നു റെക്കാർഡ് തുകക്കാണ് എംബാപ്പെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലെത്തിയത്.