കോഴിക്കോട് - കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരി തിരൂർ സ്വദേശി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഷിബിലിയും പെൺസുഹൃത്ത് ഫർഹാനയും തമ്മിലുള്ള ബന്ധം പോക്‌സോ കേസിലൂടെയെന്ന് പോലീസ്.
ചളവറ സ്വദേശിനിയായ ഫർഹാന, വല്ലപ്പുഴ സ്വദേശിയായ ഷിബിലിക്കെതിരെ തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയിരുന്നു. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഫർഹാനയുടെ കുടുംബം ഷിബിലിയെ പ്രതിയാക്കി പരാതി നൽകിയത്. 2018-ൽ പാലക്കാട് ജില്ലയിലെ നെന്മാറയിലെ വഴിയരികിൽ വച്ച് 13 വയസ്സുള്ളപ്പോൾ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിൽ ഷിബിലിക്കെതിരെ പോലീസ് പോക്‌സോ കേസ് ചുമത്തിയിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കൂടുതൽ സൗഹൃദത്തിലായതെന്നാണ് വിവരം. സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫർഹാനയുടെ സഹോദരൻ ചളവറയിലെ ഗഫൂറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലുടമ സിദ്ദീഖിനെ മൂവർ സംഘം കൊലപ്പെടുത്തിയെന്നു കരുതുന്ന കോഴിക്കോട്ടെ ഹോട്ടലിൽനിന്ന് ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങളിൽ ഗഫൂറും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചനകൾ.