കോഴിക്കോട് - കോഴിക്കോട്ട് തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖ് (58) കൊല്ലപ്പെട്ട കേസിൽ പിടിയിലായ ഷിബിലി ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത് 15 ദിവസം മുമ്പാണെന്ന് ഹോട്ടലിലെ സഹപ്രവർത്തകർ. മോശം സ്വഭാവവും പെരുമാറ്റവും കാരണം ഹോട്ടലുടമ, പട്ടാമ്പി സ്വദേശിയായ ഷിബിലിയെ കൊടുക്കാനുള്ള പണമെല്ലാം കൊടുത്ത് പറഞ്ഞുവിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷിബിലിയുടെ ഇടപാടുകലെല്ലാം തീർത്ത് ഒഴിവാക്കിയത്.
എന്നാൽ, അന്ന് വൈകുന്നേരം മുതൽ ഹോട്ടൽ ഉടമ സിദ്ദീഖിനെ കാണാതായാതയാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. 'ഷിബിലിയുടെ പണം കൊടുത്ത് പറഞ്ഞുവിട്ട ശേഷം ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയതാണ് മുതലാളി. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് മുതലാളി കടയിൽനിന്ന് പോയത്. പിന്നീട് തിരിച്ചുവന്നിട്ടില്ലെന്ന്'- ഹോട്ടൽ ജീവനക്കാരനായ യൂസഫ് പറഞ്ഞു.
തന്റെ ജോലിക്കാരുമായി വളരെ നല്ല രീതിയിൽ ഇടപെട്ടിരുന്നയാളാണ് സിദ്ദീഖ്. നാലു പേരാണ് ഹോട്ടലിൽ ജോലി ചെയ്യുന്നത്. സിദ്ദീഖ് ഹോട്ടലിന് മുകളിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഷിബിലിക്കൊപ്പം പിടിയിലായ പെൺകുട്ടിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും യൂസഫ് പ്രതികരിച്ചു.
ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ കാണാനില്ലെന്ന് മകൻ നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ എ.ടി.എം ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങൾ പെട്ടെന്ന് എത്തിച്ചത്. ഹോട്ടലുടയുടെ ഫോൺ സ്വിച്ച് ഓഫായ ശേഷവും എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചിരുന്നു. തുടർന്ന് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയിലേക്കും പെൺസുഹൃത്ത് ഫർഹാനയിലേക്കും പോലീസ് അന്വേഷണം എത്തിയത്. പോലീസ് കേസന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. നിർണായകമായ മറ്റു വിവരങ്ങളും ലഭിച്ചതായാണ് വിവരം.