ഇടുക്കി - അരിക്കൊമ്പന്‍ വീണ്ടും കുമളിക്കടുത്തുള്ള ജനവാസ മേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. നിരവധി തവണ വെടിവെച്ചാണ് അരിക്കൊമ്പനെ തുരത്തിയത്. റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെ വനത്തിനുള്ളിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പന്‍ റോസാപ്പൂക്കണ്ടം ഭാഗത്ത് എത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പല തവണ വെടിവെച്ചതിനു ശേഷമാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും പോകാന്‍ തയ്യാറായതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.