മാനവതയുടെ ആദിമതവും പ്രകൃതി മതവുമായ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്. വിശുദ്ധ ഹജ്ജ് കര്‍മം അഞ്ചാമത്തേതായത് എല്ലാവരും അതനുഷ്ഠിക്കേണ്ടതില്ല, അനുഷ്ഠിക്കുന്നവര്‍ തന്നെ എല്ലായ്‌പ്പോഴും അനുഷ്ഠിക്കേണ്ടതില്ല എന്നതിനാലാണ്.
അടിമുടി സാമൂഹ്യതയിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളുടെ പ്രയോജനം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ലഭ്യമാകുമെന്നതാണ് വസ്തുത. പരിശുദ്ധ റമദാനിലാണ് നിര്‍ബന്ധ വ്രതാനുഷ്ഠാനം. ഈ മാസത്തിന്റെ ശ്രേഷ്ഠതയും പലവിധ പുണ്യങ്ങളും നോമ്പെടുക്കുന്നവര്‍ക്ക് മാത്രമല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് കൂടി ബാധകമാണ്. ന്യായമായ പലവിധ കാരണങ്ങളാല്‍ നോമ്പനുഷ്ഠിക്കേണ്ടതില്ലെന്ന് വരാം. പക്ഷേ അങ്ങിനെ നോമ്പനുഷ്ഠിക്കാത്തവരും വ്രതമാസത്തിന്റെ പാവനത മാനിക്കുകയും അച്ചടക്കം പാലിക്കുകയും വേണം. വ്രതമാസമായ റമദാനിന്റെ പലവിധ പുണ്യങ്ങളും പ്രയോജനങ്ങളും ന്യായമായ കാരണത്താല്‍ നോമ്പനുഷ്ഠിക്കാത്തവര്‍ക്കും ലഭിക്കും.ചുരുക്കത്തില്‍ റമദാന്‍ മാസം എല്ലാവരുടേതുമാണ്. പഞ്ചനേരങ്ങളില്‍ പതിവായി നമസ്‌കരിക്കുമ്പോള്‍ പ്രാര്‍ഥനാ വാക്യങ്ങള്‍ ബഹുവചന ക്രിയയിലാണ്.
നമസ്‌കാരം വഴിയുള്ള പ്രയോജനങ്ങള്‍ അന്തിമ വിശകലനത്തില്‍ സമൂഹത്തിനും ലഭിക്കും.ഈ സാമൂഹ്യതയും വിശാലതയും പരിശുദ്ധ ഹജ്ജിലുമുണ്ടെന്നാണ് വസ്തുത. ലോകം ഒരു ഗ്രാമം കണക്കെ ആഗോളവല്‍കൃതമായ ഇക്കാലത്ത് ഹജ്ജിന്റെ ബഹുമുഖ പ്രയോജനങ്ങള്‍ കുറെക്കൂടി വ്യാപകമാണ്. ഹജ്ജും ഉംറയും ഇന്ന് സാര്‍വത്രികവും ജനകീയവുമായിരിക്കുകയാണ്. കൂടാതെ ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തെല്ലാവര്‍ക്കും ഹജ്ജിനെ കാണാനും അറിയാനും സാധിക്കുന്നുമുണ്ട്. ആകയാല്‍ ഹജ്ജിന്റെ ബഹുമുഖ സദ്ഫലങ്ങള്‍ വളരെ വ്യാപകമാവേണ്ടതുണ്ട്. ഹജ്ജിന്റെ മഹത് സന്ദേശം സര്‍വര്‍ക്കും അനുഭവവേദ്യമാകേണ്ടതുമുണ്ട്. ഹജ്ജിനെപ്പറ്റി ദുര്‍ധാരണകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്.
ഹജ്ജിനെ വിലയിടിച്ചു കാണാനും ഇകഴ്ത്താനും മതവിരുദ്ധരും ഭൗതികവാദികളും പല മാര്‍ഗേണ ശ്രമിക്കാറുണ്ട്, ശ്രമിക്കുന്നുമുണ്ട്; 'എന്തിനാണ് പുണ്യത്തിന്നങ്ങ് പോകുന്നത്? ഇവിടെയൊന്നും പുണ്യമില്ലേ?' എന്നിങ്ങനെ ഹജ്ജിന്ന് പോകുന്നവരെ പരിഹാസപൂര്‍വം നോക്കിക്കാണുകയും, കഥകളിലും നാടകങ്ങളിലും സിനിമകളിലും മറ്റും 'ഹാജി'യെ ദുഷ്ട കഥാപാത്രമായി അവതരിപ്പിക്കുന്നതും ഇസ്‌ലാം വിരോധത്താലാണ്. ഏതോ ഒറ്റപ്പെട്ട ചില ഹാജിമാരെ മുന്‍നിര്‍ത്തി ഉള്ളതും ഇല്ലാത്തതും കൂട്ടിക്കലര്‍ത്തി കുപ്രചരണം നടത്തുന്നവര്‍ മനസ്സിലാക്കേണ്ടത്, അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവരങ്ങിനെ ആയിത്തീര്‍ന്നത് ഒരിക്കലും ഹജ്ജ് കാരണമായിട്ടല്ല. ഹജ്ജ് ലക്ഷക്കണക്കിന് ആളുകളിലുണ്ടാക്കിയ/ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ധാരാളം നന്മകളെ കാണാനോ അറിയാനോ ഒട്ടും മിനക്കെടാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചും വക്രീകരിച്ചും കുപ്രചരണം നടത്തുന്നവര്‍ ഇസ്‌ലാമിന്റെ ഒരു പ്രമുഖ സ്തംഭത്തെയും അതുവഴി ഇസ്‌ലാമിനെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
ഹജ്ജിന്ന് പകരം ഹജ്ജേ ഉള്ളൂ. അതിലൂടെ ആര്‍ജിക്കാവുന്ന പുണ്യവും നന്മയും മറ്റൊന്നിലൂടെ ലഭ്യമാകില്ല. ആകയാല്‍ ഹജ്ജിന്ന് പകരം മറ്റേതെങ്കിലും പുണ്യകര്‍മം അനുഷ്ഠിച്ചാല്‍ ഒരിക്കലും മതിയാകില്ല. ഹാജിമാര്‍ക്ക് സ്‌നേഹാദരപൂര്‍വം യാത്രയയപ്പ് നല്‍കുന്നതും മറ്റും സമ്പന്നരെ ആദരിക്കലായി ചിത്രീകരിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് ചിന്ത ഉണ്ടാക്കുന്ന അസൂയ എന്ന മാരക മാനസിക രോഗം ബാധിച്ചവരാണ്. വാസ്തവത്തില്‍ ഹാജിമാര്‍ ത്യാഗപൂര്‍വം പോകുന്നിടത്തോടുള്ള (മക്കയും പരിസരവും) വൈകാരിക ബന്ധവും ആദരവുമാണ് ഹജ്ജ് യാത്രയയപ്പുകളുടെയും മറ്റും പ്രേരകം.
'ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നെങ്കില്‍ അത് ഖല്‍ബുകളുടെ തഖ്‌വാ ഗുണത്തില്‍പെട്ടതാകുന്നു.'(22:32)
'തീര്‍ച്ചയായും സഫയും മര്‍വയും അല്ലാഹുവിന്റെചിഹ്നങ്ങളില്‍ പെട്ടതാകുന്നു.' (അല്‍ബഖറ)
'അവിടെ (കഅ്ബാലയ പരിസരങ്ങളില്‍) സുവ്യക്തമായ ചിന്തോദീപകമായ ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്.' (3: 97)
ഹജ്ജ് പ്രബഞ്ചനാഥനോടുള്ള ബാധ്യതയാണ്. (3: 97), ഇബ്രാഹിം നബി (അ) മുഖേന അല്ലാഹു നടത്തിയ ആഹ്വാനത്തിനുള്ള (22:27) ഉത്തരമാണ്. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്'
(തമ്പുരാനേ അടിയന്‍ ഇതാ ഹാജരായിരിക്കുന്നു) എന്ന തര്‍ബിയത്തിന്റെ പൊരുള്‍ അതാണ്.
കഅ്ബാലയവും അത് നില കൊളളുന്ന മക്കയും ഹാജിമാരുടേത് മാത്രമല്ല, മറിച്ച് ലോകത്തെങ്ങുമുള്ള സര്‍വ മുസ്‌ലിംകളുടേതുമാണ്. ആഗോള മുസ്‌ലിംകള്‍ കഅ്ബക്കഭിമുഖമായിട്ടാണ് പഞ്ച നേരങ്ങളില്‍ സദാ (ആജീവനാന്തം) പ്രാര്‍ഥിക്കുന്നത്. മരിച്ചാല്‍ ഖബറില്‍ അങ്ങോട്ട് മുഖം തിരിച്ചിട്ടാണ് കിടത്തുന്നത്. ആഗോള മുസ്‌ലിംകള്‍ കഅ്ബാലയവുമായി ഗാഢബന്ധം പുലര്‍ത്തുന്നവരാണ്/ പുലര്‍ത്തേണ്ടവരുമാണ്. ഹജ്ജിന്നായി തുടര്‍ച്ചയായി മൂന്നു മാസങ്ങള്‍ (ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം) യുദ്ധ നിരോധിത പാവന മാസങ്ങളായി ഇസ്‌ലാം നിര്‍ണയിച്ചത് മക്കയില്‍ മാത്രമല്ല, പ്രത്യുത ലോകത്തെല്ലായിടത്തേക്കുമാണ്. ഇത് ഹജ്ജ് അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമല്ല, ലോകത്തെങ്ങുമുള്ള സകല മുസ്‌ലിംകള്‍ക്കുമാണ്. ദുല്‍ഹജ്ജിലെ ആദ്യത്തെ ദശദിനങ്ങള്‍ വളരെ ശ്രേഷ്ഠതയുള്ള ദിവസങ്ങളാണ്. ഇത് ഹാജിമാര്‍ക്ക് മാത്രമല്ല, എല്ലാ സത്യവിശ്വാസികള്‍ക്കുമാണ്. ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മം ഉദ്ദേശിക്കുന്നവര്‍ പ്രസ്തുത ദശദിനങ്ങളില്‍ ബലിയറുക്കുന്നതു വരെ നഖം വെട്ടാതെ ക്ഷൗരം ചെയ്യാതെ മക്കയിലെ ഹാജിമാരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് കഴിയുന്നുണ്ട്. ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുമ്പോള്‍ ലോക മുസ്‌ലിംകള്‍ അതിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് വ്രതമനുഷ്ഠിക്കുകയും പ്രാര്‍ഥനാ നിരതരായിക്കഴിയുകയും ചെയ്യുന്നു. പത്താം തിയ്യതി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് കല്ലെറിയാന്‍ പോയ ഹാജി തക്ബീര്‍ ചൊല്ലി മടങ്ങുമ്പോള്‍ ലോകമുസ്‌ലിംകളും അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നു. തുടര്‍ന്ന് അവര്‍ അവിടെ ബലി നടത്തുമ്പോള്‍ ലോകത്തെങ്ങും കോടിക്കണക്കിന് വിശ്വാസികള്‍ ബലി നിര്‍വഹിച്ചു കൊണ്ട് ഹജ്ജിനോടും ഹാജിമാരോടും ചേര്‍ന്നു നില്‍ക്കുന്നു. ഹാജിമാര്‍ തക്ബീര്‍ ആലപിച്ച് മൂന്നു നാള്‍ (11,12.13) മിനായില്‍ കഴിച്ചു കൂട്ടുമ്പോള്‍ ലോകമുസ്‌ലിംകള്‍ ഭക്തിപൂര്‍വം തക്ബീര്‍ ധാരാളമായിട്ടാലപിച്ച് മൂന്നു ദിവസവും അതിനോട് ചേര്‍ന്നു നില്‍ക്കുന്നു. ഹാജിമാര്‍ നമ്മള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. നമ്മള്‍ ഹാജിമാര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു. സത്യത്തില്‍ ഹജ്ജനുഷ്ഠിക്കാത്തവരെല്ലാവരും അറഫ നോമ്പനുഷ്ഠിച്ചും ബലി നടത്തിയും തക്ബീര്‍ ചൊല്ലിയും ഹജ്ജിനോട് ചേര്‍ന്നു നില്‍ക്കുകയാണ്. ആകയാല്‍ ഹജ്ജ് എല്ലാവരുടേതുമാണ്. അതിന്റെ ബഹുമുഖ നന്മകള്‍ എല്ലാവര്‍ക്കും ലഭ്യവുമാണ്.
ഹജ്ജ് ആഗോള മുസ്‌ലിം സമ്മേളനമാണ്. വിശ്വമതമായ ഇസ്‌ലാം ഇതുവഴി വിശ്വപൗരന്മാരെയാണ് വാര്‍ത്തെടുക്കുന്നത്. ദേശ ഭാഷാ വര്‍ണ വര്‍ഗ വിഭാഗീയതകള്‍ക്കതീതമായി വിശുദ്ധവും വിശാലവുമായ ഉത്തമ വീക്ഷണം പുലര്‍ത്തുന്ന വിശ്വ പൗരന്മാര്‍ വഴി ഉദാത്തമായ ഉദ്ഗ്രഥനവും സൃഷ്‌ട്യോന്മുഖമായ ആഗോളീകരണവുമാണ് സുസാധ്യമാകുന്നത്. മനുഷ്യന്‍ ഒരൊറ്റ കുടുംബം, ലോകം ഒരേ ഒരു തറവാട് എന്നതാണതിന്റെ പൊരുള്‍.