മലപ്പുറം- അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സി.ഐ.സിക്ക് കീഴിലെ വാഫി-വഫിയ കോഴ്‌സുകൾക്ക് വീണ്ടും പിന്തുണയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സി.ഐ.സി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെയാണ് വാഫി-വഫിയ കോഴ്‌സിന് പിന്തുണയുമായി രംഗത്തെത്തിയത്. പത്താം ക്ലാസ് കഴിഞ്ഞ ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനി പഠനവും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നൽകുന്നത്. രക്ഷിതാക്കളും വിദ്യാർഥികളും സ്ഥാപനങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവരും അവയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു. സമസ്തയിലെ ഒരു വിഭാഗം നേതാക്കളുടെ കടുത്ത എതിർപ്പിനിടയിലാണ് സാദിഖലി തങ്ങൾ വാഫി വഫിയ കോഴ്‌സിന് പിന്തുണയുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തിൽ വാഫി വഫിയ കോഴ്‌സുകൾക്കും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി)ന് എതിരെയും നാടുനീളെ എതിർപ്രചാരണം നടക്കുന്നുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സി.ഐ.സി സംവിധാനം പൂർണമായും സമസ്തയുടെ കീഴിലാക്കാൻ പ്രവർത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഹമീദ് ഫൈസി വ്യക്തമാക്കിയിരുന്നു. സമസ്തയുടെ എതിർപ്പിന് ഇടയിൽ സാദിഖലി തങ്ങൾ വാഫി-വഫിയക്ക് വേണ്ടി രംഗത്തിറങ്ങിയത് ഏറെ ശ്രദ്ധേയമാണെന്നാണ് വിലയിരുത്തൽ.
സാദിഖലി തങ്ങളുടെ വാക്കുകൾ:
'സമന്വയ വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങളിലെത്തുക'.
വിദ്യാസമ്പന്നരും രാജ്യത്തിന് പ്രയോജനപ്പെടുന്നവരുമായ മികച്ച പൗരന്മാരെ സൃഷ്ടിക്കുകയെന്നത് സാമൂഹികമായ ഉത്തരവാദിത്വമാണ്. അതിന് ഭൗതിക വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് മതവിദ്യാഭ്യാസവും. അത്തരത്തിൽ മത-ഭൗതിക മേഖലകളിൽ പാണ്ഡിത്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്ന ചിന്തകളുടെ ഭാഗമായാണ് സമന്വയ വിദ്യാഭ്യാസം എന്ന സങ്കൽപം നമ്മുടെ പൂർവികരായ നേതാക്കൾ യാഥാർത്ഥ്യമാക്കിയത്. ഈ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമുദായം വലിയ ഉയരങ്ങൾ താണ്ടിയെങ്കിലും ഇനിയുമേറെ ദൂരം മുന്നേറാനുണ്ട്.
എസ്.എൻ.ഇ.സി, വാഫി-വഫിയ്യ കോളജുകൾ, ജാമിഅ ജൂനിയർ കോളജുകൾ, ദാറുൽഹുദാ ക്യാമ്പസുകൾ, മറ്റു സ്ഥാപനങ്ങൾ. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിച്ചുപോരുന്നത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് സി.ഐ.സി. കേരളത്തിൽ കാൽ നൂറ്റാണ്ടിലേറെക്കാലമായി വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന സംവിധാനമാണ് വാഫി-വഫിയ്യ കോഴ്സ്.
സമസ്തയുടെ ആശയാദർശങ്ങൾ അംഗീകരിക്കുന്ന പണ്ഡിതരും നേതാക്കളും നേതൃത്വം നൽകുന്ന കോളജിലേക്കുള്ള പ്രവേശന പരീക്ഷ അടുത്തുവരികയാണ്. പത്താം ക്ലാസ് കഴിഞ്ഞ ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനി പഠനവും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നൽകുന്നത്. രക്ഷിതാക്കളും വിദ്യാർഥികളും സ്ഥാപനങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവരും അവയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്യുക. നന്മ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ അല്ലാഹു വിജയിപ്പിക്കട്ടെ.