കോഴിക്കോട്- രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നു രാഷ്ട്രീയം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വിദ്വേഷ രാഷ്ട്രീയത്തിനു പകരം
മതേതര ഭരണകൂടത്തെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് കര്‍ണ്ണാടകയിലെ ഫലം നമ്മെ പഠിപ്പിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
യൂത്ത് ലീഗ് മുന്‍ ട്രഷറര്‍ പിഎം ഹനീഫിന്റെ പത്താം ചരമ വാര്‍ഷികത്തില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യന്‍ രാഷ്ട്രീയം: കര്‍ണ്ണാടകക്ക് ശേഷം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പ്രതിരോധിക്കാന്‍ ഗൗരവത്തോടെയുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ ഉണ്ടാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ രാഷ്ട്രീയം ഭംഗിയായി കൈകാര്യം ചെയ്യുകയും ജനക്ഷേമ നടപടികള്‍ ആവിഷ്‌കരിക്കുകയും അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് കര്‍ണ്ണാടകയിലെ ഉജ്ജ്വല വിജയത്തിന് കാരണമെന്ന് ശേഷം സംസാരിച്ച സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രഭാഷകനുമായ സി.പി ജോണ്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ ,മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി എന്നിവര്‍ പ്രസംഗിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ശരീഫ് കുറ്റൂര്‍, പി. എം മുസ്തഫ തങ്ങള്‍ സംബന്ധിച്ചു.