ജിദ്ദ - ടാക്‌സി, ഓൺലൈൻ ടാക്‌സി മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള ഡ്രൈവർ കാർഡ് പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ നഖ്ൽ പോർട്ടൽ വഴി അനുവദിക്കാൻ തുടങ്ങിയതായി അതോറിറ്റി അറിയിച്ചു. ഡ്രൈവർ കാർഡ് നേടാൻ ടാക്‌സി, ഓൺലൈൻ ടാക്‌സി കമ്പനികൾ നഖ്ൽ പോർട്ടലിൽ പ്രവേശിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കണം. ഡ്രൈവർ കാർഡ് ലഭിക്കാൻ ടാക്‌സി ഡ്രൈവർമാർക്ക് കാലാവധിയുള്ള ഉമൂമി ലൈസൻസുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ മെഡിക്കൽ പാസാകണമെന്നും മുമ്പ് കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടില്ലെന്ന് വ്യക്തമാക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കണമെന്നും പൊതുഗതാഗത അതോറിറ്റി അംഗീകാരമുള്ള പരിശീലന സർട്ടിഫിക്കറ്റ് നേടണമെന്നും വ്യവസ്ഥകളുണ്ട്.
ലൈസൻസ് നേടുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ടാക്‌സി, ഓൺലൈൻ ടാക്‌സി മേഖലയിൽ പ്രവർത്തിക്കാൻ അനുമതിയുള്ളത്. എയർപോർട്ട് മാനേജ്‌മെന്റിലെ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയും ലൈസൻസും നേടിയ ശേഷം വ്യക്തികൾക്ക് എയർപോർട്ട് ടാക്‌സി മേഖലയിലും പ്രവർത്തിക്കാവുന്നതാണെന്ന് ടാക്‌സി നിയമാവലി വ്യക്തമാക്കുന്നു.