ജിദ്ദ - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള തങ്ങളുടെ പുതിയ ഫോട്ടോകൾ സൗദി ബഹിരാകാശ സഞ്ചാരികളായ അലി അൽഖർനിയും റയാന ബർനാവിയും പുറത്തുവിട്ടു. അലി അൽഖർനി പുറത്തുവിട്ട ചിത്രങ്ങൾക്കു പിന്നിൽ ഭൂമിയെ കാണുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു ദിവസം, ഭൂമിയിലെ നിങ്ങളുടെ ദിവസം എങ്ങനെയിരിക്കുന്നു -എന്ന് അലി അൽഖർനി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ട റയാന ബർനാവി മുത്തശ്ശിയുടെ കമ്മലുകൾ അണിഞ്ഞാണ് താൻ ബഹിരാകാശ നടത്തിയതെന്ന് പറഞ്ഞു.
ദൈവത്തിന് സ്തുതി, അവന്റെ സഹായവും കൃപയും കൊണ്ട് ഞങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. സൗദി ഭരണാധികാരികൾക്കും അവരുടെ ഭരണ നേതൃത്വത്തിനും വിവേകത്തിനും, ഭാവിയെയും മാനവികതയുടെ വികാസനത്തെയും കുറിച്ച അവരുടെ ദീർഘവീക്ഷണത്തിനും നന്ദി - ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലെത്തിയ അലി അൽഖർനി നേരത്തെ പറഞ്ഞു. ബഹിരാകാശ പരീക്ഷണത്തിനുള്ള ഭരണാധികാരികളുടെ താൽപര്യത്തിന് നന്ദി, പരിധിയില്ലാത്ത പിന്തുണക്ക് എന്റെ കുടുംബത്തിന് നന്ദി, ഈ ടേക്ക്-ഓഫ് അനുഭവം ഞങ്ങൾ ജീവിക്കുന്ന ഒരു ചരിത്രാനുഭവമാണ്. ഇത് എന്നെന്നും ഓർമയിൽ തങ്ങിനിൽക്കും - അലി അൽഖർനി പറഞ്ഞു. ബഹിരാകാശ യാത്രയിലെ ജീവനക്കാരെയും ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ തനിക്ക് ലഭിച്ച എല്ലാവിധ പിന്തുണയെയും ശാക്തീകരണത്തെയും അലി അൽഖർനി പ്രശംസിച്ചു.
ദൈവത്തിന് സ്തുതി, ദൈവത്തിന് നന്ദി, ഞങ്ങൾ ഈ ഘട്ടത്തിലെത്തി. ഗവൺമെന്റിന്റെയും ഭരണാധികാരികളുടെയും കുടുംബത്തിന്റെയും എല്ലാവരുടെയും പിന്തുണയോടെ, യാഥാർഥ്യമാകുമെന്ന് ഞങ്ങൾ കരുതാത്ത ഒരു സ്വപ്‌നത്തിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്ന് റയാന ബർനാവി പറഞ്ഞു. ഈ യാത്ര മുഴുവൻ അറബികളെയും സൗദികളെയും പ്രതിനിധീകരിക്കുന്നു. ഈ യാത്രക്കു ശേഷം കൂടുതൽ ബഹിരാകാശ പര്യവേക്ഷണത്തിന് തനിക്ക് കൂടുതൽ അഭിലാഷങ്ങൾ ഉണ്ടാകുമെന്നും റയാന ബർനാവി പറഞ്ഞു. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി, അറബ്, മുസ്‌ലിം വനിതയാണ് റയാന ബർനാവി.