ജിദ്ദ - ശാസ്ത്രീയ അറിവുകളെ കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുക, ബഹിരാകാശത്തെ കുറിച്ച അവരുടെ ജിജ്ഞാസ വളർത്തുക, ഭാവി സാങ്കേതികവിദ്യകളിൽ അവരെ പ്രചോദിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സൗദി ബഹിരാകാശ സഞ്ചാരികളായ അലി അൽഖർനിയും റയാന ബർനാവിയും ഒരു കൂട്ടം സൗദി വിദ്യാർഥികളുമായി വയർലെസിലൂടെ സംവദിച്ചു. റിയാദിലെ ഭൗമനിലയത്തിനു മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം കടന്നുപോകുന്നതിനിടെയാണ് അമേച്വർ റേഡിയോ ഫ്രീക്വൻസികൾ ഉപയോഗിച്ച് വിദ്യാർഥികളുമായി ഇരുവരും സംവദിച്ചത്. സൗദി സ്‌പേസ് കമ്മീഷനുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനുമായും സൗദി അമേച്വർ റേഡിയോ സൊസൈറ്റിയുമായും സഹകരിച്ചും ഏകോപനം നടത്തിയുമാണ് ബഹിരാകാശ യാത്രികരും വിദ്യാർഥികളും തമ്മിൽ അമേച്വർ റേഡിയോ ഫ്രീക്വൻസികൾ ഉപയോഗിച്ച് വയർലെസ് രീതിയിൽ സംസാരിക്കാൻ അവസരമൊരുക്കിയത്.
ബഹിരാകാശത്തെ ജീവിത രീതികളെ കുറിച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൈനംദിന ജീവിതത്തെ കുറിച്ചുമുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അലി അൽഖർനിയും റയാന ബർനാവിയും ഉത്തരം നൽകി. തങ്ങൾ സ്വയം അനുഭവിച്ച വിവരങ്ങളും ബഹിരാകാശ യാത്രക്കിടയിലെ വികാരങ്ങളും ഇരുവരും വിദ്യാർഥികളുമായി പങ്കുവെച്ചു. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 14 ഗവേഷണ പരീക്ഷണങ്ങൾ നടത്താനുള്ള ശാസ്ത്രീയ ദൗത്യവുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗദി ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ സൗദി അറേബ്യയുടെ സ്ഥാനം ആഗോള തലത്തിൽ മെച്ചപ്പെടുത്താനും മാനവരാശിയെ സേവിക്കാനും സൗദി ഗവേഷണ കേന്ദ്രങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടാനും ഈ മേഖലയിൽ ശാസ്ത്രീയ സ്വാധീനം ചെലുത്താനുള്ള നിരന്തര ശ്രമങ്ങൾ സ്ഥിരീകരിക്കാനും ഗവേഷണ ഫലങ്ങൾ സഹായിക്കും.