Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം ആക്കുളത്ത് ഗ്ലാസ് ബ്രിഡ്ജും  ടോയ് ട്രെയിനും വരുന്നു 

തിരുവനന്തപുരം- വിദേശങ്ങളില്‍ കാണുന്ന പോലുള്ള ഗ്‌ളാസ് ബ്രിഡ്ജ് (ഗ്‌ളാസ് കൊണ്ടുണ്ടാക്കുന്ന പാലം) ടൂറിസം വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി വരുന്നു. കേരളത്തില്‍ സ്വകാര്യ മേഖലയില്‍ വയനാടുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് ആദ്യമായി ഗ്‌ളാസ് ബ്രിഡ്ജ് നിര്‍മിച്ചത്. ഇതിനുപിന്നാലെ തലസ്ഥാന നഗരിയില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് പുതിയതായി പാലം എത്തുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഗ്‌ളാസ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഗ്‌ളാസ് ബ്രിഡ്ജിനുപുറമേ ടോയ് ട്രെയിന്‍ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് 

വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാന്‍ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ തന്നെ ടൂറിസ്റ്റ് വില്ലേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ സന്ദര്‍ശിക്കുകയും ഒരു കോടിയില്‍ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിന്‍ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ.ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്കുമാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതല.

Latest News