കണ്ണൂര്‍ - കണ്ണൂരില്‍ മുന്ന് മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൂത്തമകനെ ജീവനോടെയും മറ്റ് രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷവുമാണ് കെട്ടിത്തൂക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുപുഴ പാടിയോട്ടുചാലില്‍ ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് അഞ്ചു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജി- ശ്രീജ ദമ്പതികളെയും ശ്രീജയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടികളായ സൂരജ്, സുജിന്‍, സുരഭി എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പത്ത് ദിവസം മുന്‍പാണ് ഷാജിയും ശ്രീജയും വിവാഹിതരായത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മക്കളെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഭക്ഷണത്തില്‍ കലര്‍ത്തി ഉറക്കുഗുളിക നല്‍കിയിരുന്നു. ഇളയ രണ്ട് കുട്ടികള്‍ മരിച്ച ശേഷം സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. എന്നാല്‍ മൂത്ത മകന്‍ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയത്. ശ്രീജയുടെ ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം. ദമ്പതികള്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.