റിയാദ്- സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ അല്‍ശബാബിനെതിരായ നിര്‍ണായക മത്സരത്തില്‍ വിജയ ഗോളടിച്ച ശേഷം ക്രിസ്റ്റ്യനോ റൊണാള്‍ഡോ സുജൂദ് ചെയ്യുന്ന വീഡിയൊ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങള്‍ പങ്കുവെച്ചു. രണ്ടു ഗോളിന് പിന്നിലായ ശേഷം റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളിലാണ് അന്നസര്‍ ജയിച്ചത്. വിജയമാഘോഷിക്കാന്‍ സഹതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത ശേഷമാണ് റൊണാള്‍ഡൊ സുജൂദ് ചെയ്തത്. സാധാരണ മുസ്ലിം കളിക്കാരില്‍ ചിലര്‍ കായികനേട്ടങ്ങള്‍ കൊയ്യുമ്പോള്‍ സുജൂദ് ചെയ്യാറുണ്ട്.
റൊണാള്‍ഡൊ സുജൂദ് ചെയ്യുന്ന ദൃശ്യം അല്‍ബിലാദ് പത്രത്തിന്റെ അലിഅല്‍അബ്ദല്ലയാണ് ഷെയര്‍ ചെയ്തത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയൊ ക്ലിപ്. ഈ സീസണിന്റെ ചിത്രമെന്ന് ഒരാള്‍ അതിനോട് പ്രതികരിച്ചു.
രണ്ട് ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ റൊണാള്‍ഡൊ നേടിയ തകര്‍പ്പന്‍ ഗോളിലാണ് അന്നസര്‍ ജയിച്ചത്. അല്‍അവ്വല്‍ പാര്‍ക്കില്‍ നടന്ന കളിയില്‍ അല്‍ശബാബിനെ 32 ന് തോല്‍പിച്ച അന്നസ്ര് കിരീടപ്രതീക്ഷ നിലനിര്‍ത്തി. ഒന്നാം സ്ഥാനക്കാരായ അല്‍ഇത്തിഹാദും വിജയിച്ചിട്ടുണ്ട്. അല്‍ബാതിനെ അവര്‍ 10 ന് തോല്‍പിച്ചു. അല്‍ശബാബിനോട് അന്നസര്‍ തോറ്റിരുന്നുവെങ്കില്‍ രണ്ടു കളി ശേഷിക്കെ ഇത്തിഹാദിന് കിരീടമുയര്‍ത്താമായിരുന്നു.
ആദ്യ പകുതിയില്‍ 12 ന് പിന്നിലായ ശേഷം അമ്പത്തൊമ്പതാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ മനോഹരമായ ഗോള്‍. രണ്ട് ഡിഫന്റര്‍മാരെ വെട്ടിച്ച ശേഷം ബോക്‌സിന്റെ മൂലയില്‍ നിന്ന് പായിച്ച ഷോട്ട് കൃത്യമായി വലയുടെ മൂല ലക്ഷ്യമാക്കിപ്പറന്നു. അന്നസ്‌റിനു വേണ്ടി റൊണാള്‍ഡോയുടെ പതിനാലാം ഗോള്‍.
അല്‍ശബാബിന്റെ രണ്ടും ഗോളും ക്രിസ്റ്റിയന്‍ ഗുവാന്‍കയുടെ വകയായിരുന്നു. ഇടവേളക്ക് മുമ്പും പിമ്പുമായി ആന്‍ഡേഴ്‌സന്‍ ടാലിസ്‌കയും അബ്ദുറഹമാന്‍ ഗരീബും തിരിച്ചടിച്ചു. 44ാം മിനിറ്റില്‍ ടാലിസ്‌കയും അമ്പത്തൊന്നാം മിനിറ്റില്‍ ഗരീബും സ്‌കോര്‍ ചെയ്തു. 28 കളികളില്‍ അന്നസ്‌റിന് 63 പോയന്റായി. ഇത്തിഹാദിന് മൂന്ന് പോയന്റ് പിന്നിലാണ് അവര്‍. 27 ന് എവേ മത്സരത്തില്‍ അല്‍ഇത്തിഫാഖുമായി അന്നസര്‍ ഏറ്റുമുട്ടും.
സൗദി പ്രൊഫഷനല്‍ ഫുട്‌ബോള്‍ ലീഗ് അതിവേഗം മെച്ചപ്പെടുകയാണെന്നും അധികം താമസിയാതെ ലോകത്തിലെ അഞ്ച് മികച്ച ലീഗുകളിലൊന്നായി മാറുമെന്നും റൊണാള്‍ഡൊ അഭിപ്രായപ്പെട്ടു. അല്‍ശബാബിനെതിരായ മത്സരത്തില്‍ അന്നസ്‌റിന് വിജയം നേടിക്കൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു റൊണാള്‍ഡൊ. ലോകത്തിലെ മൂന്ന് പ്രധാന ലീഗുകളില്‍ റൊണാള്‍ഡൊ കളിച്ചിട്ടുണ്ട്, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രീഡിനും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനും.
ഈ ജനുവരിയില്‍ താന്‍ അന്നസ്‌റില്‍ ചേര്‍ന്ന ശേഷം തന്നെ സൗദി ലീഗ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് റൊണാള്‍ഡൊ പറഞ്ഞു. പടിപടിയായി ഇനിയുമേറെ മെച്ചപ്പെടും. അതിന് മികച്ച കളിക്കാരും സംവിധാനങ്ങളും വേണം. എന്നാല്‍ സൗദിയുടെ അപാരസാധ്യതയില്‍ എനിക്ക് വിശ്വാസമുണ്ട്. ഇവിടത്തെ ആളുകളുടെ കഴിവും എന്നെ വിസ്മയിപ്പിക്കുന്നു റൊണാള്‍ഡൊ അഭിപ്രായപ്പെട്ടു.
Cristiano doing Sujood after scoring pic.twitter.com/rqmMoFJjHj
— CR7 Rap Rhymes (@cr7raprhymes) May 23, 2023