Sorry, you need to enable JavaScript to visit this website.

കെ.പി.സി.സി പ്രസിഡന്റിന് തടസ്സം പാണക്കാട് തങ്ങളുടെ ഡേറ്റ്-കോടിയേരി

വണ്ടൂരില്‍ ഇ.എം.എസിന്റെ ലോകം സെമിനാര്‍ സമാപന സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വണ്ടൂര്‍- കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാത്തത് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളുടെ ഡേറ്റ് കിട്ടാത്തത് കാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വണ്ടൂരില്‍ ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫിനെ ലീഗ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്കായി ഇപ്പോള്‍ പാണക്കാട്ടേക്ക് നോക്കിയിരിക്കേണ്ട ഗതികേടിലാണുള്ളത്. കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കണമെങ്കില്‍ തങ്ങളോ റോബര്‍ട്ട് വധേരയോ കനിയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കോടിയേരി പരിഹസിച്ചു. മലബാര്‍ സംസ്ഥാനമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പ്രാദേശിക വാദത്തിലൂന്നിയ ഇത്തരം ആവശ്യങ്ങളെ സി.പി.എം വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും കോടിയേരി പറഞ്ഞു. സമാപന സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
കാലത്ത് നടന്ന ഇ.എം.എസിന്റെ മലപ്പുറം എന്ന സെഷനില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, എം.എം നാരായണന്‍, എം.എന്‍ കാരശ്ശേരി, ഷംസാദ് ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

 

Latest News