Sorry, you need to enable JavaScript to visit this website.

ബി.സി.സി.ഐക്കെതിരെ കെ.സി.എ സുപ്രീം കോടതിയിൽ

ന്യൂദൽഹി - വിനോദ് റായി അധ്യക്ഷനായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ താൽക്കാലിക ഭരണ സമിതിയെ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇടപെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പു നടപടികളുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോർജിനു വേണ്ടി അഭിഭാഷകനായ കെ.സി. രഞ്ജിത്ത് ഫയൽ ചെയ്ത ഹരജിയിൽ അഭ്യർഥിച്ചു. 
2013 ലാണ് കെ.സി.എയിൽ അവസാനമായി  തെരഞ്ഞെടുപ്പ് നടന്നത്. കെ.സി.എ ഭരണഘടന പ്രകാരം നാലു വർഷത്തിൽ ഒരിക്കൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തണം. ഇതനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തതു പ്രകാരം ഓബുഡ്‌സ്മാനെയും റിട്ടേണിംഗ് ഓഫീസറെയും കെ.സി.എ ജനറൽ ബോഡി യോഗം നിയമിച്ചു. ഈ വർഷം ഏപ്രിൽ 24 ന് കെ.സി.എയുടെ യോഗം ബി.സി.സി.ഐ താൽക്കാലിക സമിതി നിർദേശിച്ച ചില മാറ്റങ്ങൾ ബൈലോയിൽ ഉൾപ്പെടുത്തി. മൂന്നു വർഷത്തിലൊരിക്കൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നതടക്കമുള്ള പരിഷ്‌കരണമാണ് കൊണ്ടുവന്നത്. തുടർന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഭരണ സമിതിക്ക് കെ.സി.എ കത്ത് നൽകി. എന്നാൽ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ബി.സി.സി.ഐ നൽകിയ മറുപടി. ഇതോടെ കെ.സി.എ ഹൈക്കോടതിയെ സമീപിച്ചു. കോടതി ബി.സി.സി.ഐക്കു നോട്ടീസുമയച്ചു. ഇതിനിടെ പഴയ നിലപാട് മാറ്റിയ ബി.സി.സി.ഐ പുതിയ ഭരണഘടന സുപ്രീം കോടതി അംഗീകരിക്കുന്നതു വരെ തെരെഞ്ഞെടുപ്പ് പാടില്ലെന്നും തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാവും വരെ കെ.സി.എ ഭരണം അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കണമെന്നും ഹൈക്കോടതിയെ അറിയിച്ചു. ഇതിനെയാണ് കെ.സി.എ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ മാസം ഹരജി പരിഗണിക്കും. 

Latest News