Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായി ഗഫൂര്‍ ഹാജിയുടെ മരണം; കര്‍മസമിതി സമരത്തിലേക്ക്

കാസര്‍കോട്- ദുരൂഹ സാഹചര്യത്തില്‍ മരിച്ച പൂച്ചക്കാട് ഗഫൂര്‍ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും അന്വേഷണം  ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ഗഫൂര്‍ ഹാജി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ മെയ് 24 ന് വൈകുന്നേരം നാല് മണിക്ക് പൂച്ചക്കാട് ടൗണില്‍ ബഹുജന സായാഹ്ന സദസ്സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണമെന്നും അല്ലാത്തപക്ഷം വഴിതടയല്‍, പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസൈനാര്‍ ആമു ഹാജി അധ്യക്ഷനായി. കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് നിലവിലെ സാഹചര്യം വിശദീകരിച്ചു. പൂച്ചക്കാട് ജുമാ മസ്ജിദ് പ്രസിഡണ്ട് തര്‍ക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ  ബി.എം.മൂസ, എം.എ.ലത്തീഫ്, അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ബി.കെ.ബഷീര്‍, കപ്പണ അബൂബക്കര്‍, കെ.എസ്.മുഹാജിര്‍, അബ്ദുള്‍ ലത്തീഫ് ടി.എം, മുഹമ്മദലി ഹാജി പൂച്ചക്കാട്, അലി പൂച്ചക്കാട്, പി. കുഞ്ഞാമദ്, മാഹിന്‍ പൂച്ചക്കാട്, സെഷാദ് ഖുര്‍ഹാന്‍, ബഷീര്‍ പി.എ, അബ്ദുള്‍ അസീസ്, മുനീര്‍ തമന്ന, കുഞ്ഞാമത് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്മയിലെ എം.സി. ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 595 പവന്‍ സ്വര്‍ണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും, ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ജില്ലാ കളക്ടര്‍ക്കും, ജില്ലാ പോലീസ് മേധാവിക്കും അക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.

 

Latest News