Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ മന്ത്രിക്കെതിരേ എസ്.എസ്.എഫ്; +1 നിലപാട് അപക്വം, കൊഞ്ഞനം കുത്തൽ, സാമൂഹ്യനീതിയെ വെല്ലുവിളിക്കൽ

കോഴിക്കോട് - മലബാറിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താൽപര്യമെന്നും ആക്ഷേപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്) സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
 മുൻ വർഷങ്ങളിൽ പ്രശ്‌നമില്ലെന്നാണ് വാദമെങ്കിൽ, പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച പ്രശ്‌നം പഠിക്കാൻ കാർത്തികേയൻ നായർ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സംഘടന വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
 വടക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റില്ലെന്നത് സർക്കാർ കണക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്. കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകൾ വേണമെന്നുമുള്ള വിദ്യാർത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമാകാതെ കിടക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഒരു ക്ലാസിൽ 65 മുതൽ 70 വരെ കുട്ടികളെ ഇരുത്തുന്നതിനുള്ള അശാസ്ത്രീയ ഉത്തരവുകൾ ഇറക്കിയാണ് കാലാകാലങ്ങളിൽ സർക്കാറുകൾ ഇതിനെ കൈകാര്യം ചെയ്യുന്നത്. മികച്ച മാർക്ക് നേടിയിട്ടും പ്ലസ് വണിന് സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും എസ്എസ്എഫ് വിമർശിച്ചു.
സീറ്റുകളും ബാച്ചുകളും കുറവുള്ളത് വടക്കൻ കേരളത്തിലാണെന്ന വസ്തുത നിലനിൽക്കെ, അനാരോഗ്യകരമായ വടക്ക് തെക്ക് വിലയിരുത്തലാണ് നടക്കുന്നതെന്നും കേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമുള്ള മന്ത്രി ആരോപിക്കുന്നത് സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന വിലകുറഞ്ഞ സമീപനമാണെന്നും എസ്.എസ്.എഫ് ചൂണ്ടിക്കാട്ടി.

 

പ്ലസ് വൺ പ്രവേശം; ആശങ്ക വേണ്ട, ദുരാരോപണം പടർത്തുന്നവർക്ക് നിക്ഷിപ്ത താൽപര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

- തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയെന്ന് വിദ്യാഭ്യാസമന്ത്രി 

തിരുവനന്തപുരം - സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശവുമായി ബന്ധപ്പെട്ട ആശങ്കകളിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. 
പ്ലസ് വൺ പ്രവേശം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്നാണ് മന്ത്രിയുടെ ആരോപണം. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായെന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ അവകാശപ്പെട്ടത്.
 മലബാറിലെ പതിനായിരക്കണക്കിന്‌ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് മതിയായ സീറ്റില്ലെന്ന ആക്ഷേപം വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയർന്നിരുന്നു. എല്ലാ വർഷവും ആവർത്തിക്കുന്ന ഇത്തരം ദുരിതങ്ങൾക്ക് ഇടത്-വലത് സർക്കാറുകൾ മാറിമാറി ഭരിച്ചിട്ടും സ്ഥായിയായ പരിഹാരം ഉണ്ടാക്കാതെ കടുത്ത വിവേചനം നേരിടുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും തങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിയത്. എന്നാൽ ഇതിനെ രാഷ്ട്രീയപ്രേരിതമായാണ് ചില കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും കാണുന്നത്. വിദ്യാർത്ഥി സംഘടനകളുടെയും മറ്റും കണക്കുകൾ നിരത്തിയുള്ള മലബാറിലെ സീറ്റുകളുടെ അപര്യാപ്തത നികത്താൻ എന്തു പരിഹാരമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് മന്ത്രി എഫ്.ബി പോസ്റ്റിൽ പറയുന്നില്ലെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന പതിവ് മറുപടിയാണ് ആവർത്തിച്ചിട്ടുള്ളത്. പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ട്. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
വ്യാജവാർത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ല.
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകും.

Latest News