Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഷോക്കടിപ്പിച്ച വൈദ്യുതി ബിൽ: ശൂറാ കൗൺസിൽ ഇടപെടുന്നു

അബ്ദുറഹ്മാൻ അൽറാശിദ് 
  • ഉപയോക്താക്കൾ രോഷാഗ്നിയിൽ

റിയാദ് - അമിതമായ വൈദ്യുതി ബിൽ ലഭിച്ചതിനത്തുടർന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയരുന്നതിനിടെ പ്രശ്‌നത്തിൽ ശൂറാ കൗൺസിൽ ഇടപെടുന്നു. ബിൽ തുക അസാധാരണമാം വിധം കുതിച്ചുയർന്നതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് ശൂറാ കൗൺസിൽ കത്തയക്കും. പ്രതിഷേധത്തെ തുടർന്ന് വൈദ്യുതി റഗുലേറ്ററി അതോറിറ്റി നടത്തിയ പ്രസ്താവനക്കെതിരെയും രോഷം പുകയുകയാണ്. 


വൈദ്യുതി ബിൽ വൻതോതിൽ ഉയർന്നതിൽ വിശദീകരണം തേടിയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും വൈദ്യുതി റെഗുലേറ്ററി അതോറിറ്റി ഗവർണർക്ക് ശൂറാ കൗൺസിൽ ഇന്ന് കത്തയക്കുമെന്ന് കൗൺസിലിലെ സാമ്പത്തിക, ഊർജ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാൻ അൽറാശിദ് പറഞ്ഞു. ശൂറാ കൗൺസിൽ സമൂഹത്തിന്റെ ഭാഗമാണ്. വൈദ്യുതി ബില്ലുകളിൽ നീതി വേണം. ബിൽ തുക കണക്കാക്കിയതിൽ വീഴ്ചകളും തകരാറുകളുമുണ്ടെങ്കിൽ അവ പരിഹരിക്കപ്പെടണം. മോശം വൈദ്യുതി സേവനത്തെക്കുറിച്ച് ദക്ഷിണ സൗദി അടക്കമുള്ള പ്രദേശങ്ങളിൽനിന്ന് നിരവധി പരാതികൾ ഉയരുന്നതായി സാമ്പത്തിക, ഊർജ കമ്മിറ്റിയുടെ ശ്രദ്ധയിൽ നേരത്തെ പെട്ടിരുന്നു. ദക്ഷിണ സൗദിയിലും മറ്റു ചില പ്രവിശ്യകളിലും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടികളെടുക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെടുന്ന ശുപാർശ കൗൺസിൽ നേരത്തെ പാസാക്കിയിരുന്നെന്നും അബ്ദുറഹ്മാൻ അൽറാശിദ് പറഞ്ഞു. 

ഇന്‍ഷുറന്‍സില്‍ ഒരു തവണ പല്ല് ക്ലീന്‍ ചെയ്യാം; സൗദിയില്‍ പുതിയ പോളിസി


ഭീമമായ തുകയുടെ വൈദ്യുതി ബിൽ ലഭിച്ചതിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിക്കെതിരെ കടുത്ത പ്രതിഷേധവുമായി സൗദി പൗരന്മാർ രംഗത്തെത്തി. ബിൽ തുക ഉയർന്നതിന് കമ്പനി നൽകിയ നീതീകരണം യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് ഉപയോക്താക്കൾ പറഞ്ഞു. 


വേനൽക്കാലത്ത് എയർ കണ്ടീഷനറുകളുടെ ഉപയോഗം വർധിച്ചതും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി സബ്‌സിഡികൾ എടുത്തുകളഞ്ഞതുമാണ് ബിൽ തുക ഉയരുന്നതിന് കാരണമെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതേ എയർ കണ്ടീഷനറുകൾ തന്നെ കഴിഞ്ഞ കൊല്ലത്തെ വേനൽക്കാലത്ത് ഇതേപോലെ ഉപയോഗിച്ചിട്ടും എടുത്താൽ പൊങ്ങാത്ത ബില്ലുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
വൈദ്യുതി സ്ലാബുകളും നിരക്കുകളും പുനഃപരിശോധിക്കുന്നതിനും നിരക്കുകൾ കുറയ്ക്കുന്നതിനും ഉന്നതാധികൃതർ ഇടപെടണമെന്ന് മുൻ ശൂറാ കൗൺസിൽ അംഗം ഹമദ് അൽഖാദി പറഞ്ഞു. ആളുകൾ യാത്രയിലും മറ്റുമായതിനാൽ വേനലവധിക്കാലത്ത് പല വീടുകളും കാലിയാണ്. എന്നാൽ തൊട്ടു മുൻ മാസത്തേക്കാൾ ഏറെ കൂടിയ ബില്ലാണ് ഉപയോക്താക്കൾക്ക് ലഭിച്ചതെന്ന് മാധ്യമ പ്രവർത്തകൻ സ്വലാഹ് അൽഗൈദാൻ പറഞ്ഞു. 
ഗാർഹിക മേഖലയിൽ വൈദ്യുതി ഉപഭോഗത്തിന്റെ എഴുപതു ശതമാനവും എയർ കണ്ടീഷനറുകളുടെ പങ്കാണെന്നും എ.സി ഉപയോഗത്തിലെ വർധനവാണ് ബിൽ തുക ഉയരുന്നതിന് കാരണമെന്നുമുള്ള സൗദി ഇലക്ട്രിസിറ്റി കമ്പനി ന്യായീകരണ പ്രസ്താവന കേട്ടാൽ കഴിഞ്ഞ കൊല്ലം തങ്ങൾ വല്ല ധ്രുവപ്രദേശത്തും പോയെന്ന തോന്നലാണ് ഉണ്ടാകുകയെന്നും ഡോ. അഹ്മദ് അൽസഹ്‌റാനി പറഞ്ഞു. 

 

Latest News