ദുബായ്- കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ മലയാളം ക്ലബ്ബ് അജ്മാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹാബിറ്റാറ്റ് സ്‌കൂളിലെ 700 ഓളം വിദ്യാര്‍ഥികള്‍ അംഗങ്ങളായി ചേര്‍ന്നു.
സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ അജ്മാന്‍ ചാപ്റ്ററിന്റെ കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
പ്രവാസ ലോകത്തെ പുതിയ മലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്‌സിലേക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്ലബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്ടര്‍ ഷംസു സമാന്‍ പ്രത്യാശിച്ചു
പത്താം ക്ലാസുവരെയോ ഡിഗ്രി തലത്തിലോ മലയാളഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭാഷാപരിജ്ഞാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നീലക്കുറിഞ്ഞി കോഴ്‌സ് നടത്താന്‍ തീരുമാനിച്ചത്. നീലക്കുറിഞ്ഞി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെട്രിക്കുഷേന്‍ നിലവാരത്തിലുള്ള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സീനിയര്‍ ഹയര്‍ ഡിപ്‌ളോമാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിമലയാളം സെന്ററുകള്‍ ഇക്കാര്യത്തില്‍ സഹായകരമാവുമെന്ന സര്‍ക്കാറിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് പരീക്ഷണാര്‍ഥം യു.എ.ഇയിലും തമിഴ്‌നാട്ടിലും മലയാളം ക്ലബ്ബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഓണ്‍ലൈന്‍ വഴി ഹാബിറ്റാറ്റ് മലയാളം ക്ലബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചത്. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു.
ഉല്‍ഘാടന ശേഷം മുരുകന്‍ കാട്ടാക്കട ക്ലബ്ബ് അംഗങ്ങള്‍ ആയ കുട്ടികളുമായി സംവദിച്ച ശേഷം അവരോടൊപ്പം സ്‌കൂള്‍ ഗ്രീന്‍ ഹൗസില്‍ കുട്ടികള്‍ തന്നെ നട്ടു വളര്‍ത്തിയ തക്കാളി കൃഷിയില്‍ നിന്നും വിളവെടുപ്പ് നടത്തി.