തിരുവനന്തപുരം- അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ് നടത്തിയതായ ആരോപണം. 'അരിക്കൊമ്പന് ഒരു ചാക്ക് അരി' എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിന്‍ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലാണ് വാട്സ് ആപ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതെന്ന് നിരവധിപ്പേര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ആരോപിച്ചു. പ്രവാസികകള്‍ക്കടക്കം പണം നഷ്ടമായിട്ടുണ്ടെന്നും പറയുന്നു.
അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരിലും പണപ്പിരിവു നടന്നു. പണപ്പിരിവിനെപ്പറ്റി അന്വേഷിക്കണമെവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവിനെപ്പറ്റി പരിശോധന നടത്താന്‍ പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 'എന്നും അരിക്കൊമ്പനൊപ്പം' എന്ന വാട്സാപ് കൂട്ടായ്മ വഴിയാണ് പണപ്പിരിവ് നടത്തിയതെന്നാണ് ആരോപണം. അരിക്കൊമ്പനു വേണ്ടി ചിലര്‍ ഏഴു ലക്ഷം രൂപ പിരിച്ചെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അരിക്കൊമ്പന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നിരവധി അക്കൗണ്ടുകളാണുള്ളത്.
ഇടുക്കി ചിന്നക്കലാനില്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ഈയടുത്താണ് നാടുകടത്തിയത്. കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് പേരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ടു. റേഷന്‍ കട തകര്‍ത്ത് അരിഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പന്‍ എന്ന പേരുവീണത്. ഈ ആനയുടെ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതിനെതിരെ മൃഗസ്നേഹി സംഘനകള്‍ രംഗത്തെത്തിയിരുന്നു.