തിരുവനന്തപുരം - തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനു തീപ്പിടിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം. അഗ്‌നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്. പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന കെട്ടിടമാണ് കത്തിനശിച്ചത്. നിലവില്‍ തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും തീയാളാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഇന്ന് പുലര്‍ച്ചെ ഏകദേശം 1.30 ക്ക് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആ സമയത്ത് സുരക്ഷാ ജീവനക്കാരന്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. മരുന്നുകള്‍ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. തീയണക്കുന്നതിനിടെയായിരുന്നു അഗ്‌നിശമന സേനാംഗമായ രഞ്ജിത്തിന്റെ മരണം. ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ 3.50 ന് മരണപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് തിരുവനന്തപുരം ചാക്ക യൂണിറ്റിലാണ് രഞ്ജിത്ത് ജോലി ചെയ്യുന്നത്.