ജുബൈൽ- ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് തർക്കാഷ്, സുഭദ്ര യുദ്ധ കപ്പലുകൾ ജുബൈൽ തീരത്ത് നങ്കൂരമിട്ടു. ഇന്ത്യ-സൗദി സൗഹൃദവും ബന്ധവും ഊട്ടി ഉറപ്പിക്കുന്നതിനാണ് ഈ സൗഹൃദ സന്ദർശനമെന്ന് ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ്ഖാൻ ജുബൈലിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലു ദിവസത്തെ സന്ദർശന വേളയിൽ റോയൽ സൗദി നാവിക സേനയും കോസ്റ്റ് ഗാർഡുമായി ചേർന്ന് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് 2014 ഇന്ത്യ സന്ദർശന വേളയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ മേഖലയിൽ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ള ഒരു കാൽവെപ്പാണ് നാവിക കപ്പലുകളുടെ ഈ സന്ദർശനങ്ങൾ. പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2019 ൽ സൗദി സന്ദർശിച്ചതും അന്ന് സൗദിയുമായി നടത്തിയ ഉടമ്പടിയുടെ ഭാഗമായി എസ്.പി.സി കരാറിൽ ഒപ്പ് വെച്ചതിലൂടെ ഇരു രാജ്യങ്ങൾ തമ്മിൽ നയതന്ത്ര മേഖലയിൽ വലിയ പുരോഗതി കൈവരിച്ചതായും ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ്ഖാൻ പറഞ്ഞു. ഇതിന്റെ വലിയ ഒരു നേട്ടമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സുഡാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിനു സൗദി അറേബ്യയുടെ പിന്തുണയോടെ ഇന്ത്യൻ നാവിക സേനക്ക് കഴിഞ്ഞത്.
സൗദിയും ഇന്ത്യയും തമ്മിലുള്ള നാവിക അഭ്യാസത്തിന്റെ രണ്ടാം ഘട്ടമായ അൽ മുഹീത്വുൽ ഹിന്ദി 2023 ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കിടയിൽ ഉഭയകക്ഷി പ്രതിരോധ ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരിശീലനത്തിന്റെ ആദ്യ ഘട്ടം 2021 ൽ ആയിരുന്നു. ഇത്തവണ ഒരു നാവിക പട്രോളിംഗ് വിമാനവും നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നത് പ്രത്യേകതയാണ്.
ഐ എൻ എസ് തർക്കാഷ് 2012 ലാണ് കമ്മിഷൻ ചെയ്തത്. രാജ്യത്തിന് മേൽ ഏതു തരം ഭീഷണികളെയും നേരിടാൻ ആധുനിക സംവിധാനതോടെയുള്ള ഈ യുദ്ധ കപ്പലായ തർക്കാഷിനു ആയുധ സെൻസറുകൾ, റഡാർ ക്രോസ് സെക്ഷൻ കുറക്കുന്നതിനു കപ്പൽ സ്റ്റെല്ത്ത് റെക്ക്‌നോളാജികൾ എന്നിവ സജ്ജമാണ്. അമ്പുകളുടെ ആവനാഴി എന്നർത്ഥം വരുന്ന സംസ്‌കൃത വാക്കിൽ നിന്നാണ് ഐ എൻ എസ് തർക്കാഷ് എന്ന പേർ ലഭിച്ചത്.
എട്ടു വര്ഷം മുമ്പ് യെമനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപറേഷൻ റാഹത്തിൽ തർക്കാഷ് പങ്കെടുത്തിട്ടുണ്ട്. ഈ വര്ഷം ഏപ്രിലിൽ തുടങ്ങിയ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ കാവേരിയിലും സജീവമായി പങ്കെടുത്തു. ഇന്നലെ ജുബൈൽ തീരത്ത് നങ്കൂരമിട്ട ഈ യുദ്ധകപ്പലുകൾ ഇന്ന് ആരംഭിച്ച അൽ മുഹീത്വുൽ ഹിന്ദിയുടെ ഭാഗമായി കടലിലും കരയിലുമായി വൈവിധ്യമാർന്ന അഭ്യാസ പ്രകടനങ്ങൾ നടന്നു വരുന്നു. ജുബൈൽ തുറമുഖത്ത് എത്തിയ കപ്പലുകൾക്ക് റോയൽ സൗദി നേവൽ ഫോഴ്‌സ്, അതിർത്തി സേനകൾ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ എന്നിവർ ഊഷമളമായ സ്വീകരണങ്ങളാണ് നൽകിയത്.
ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ്ഖാന് പുറമേ ക്യാപ്റ്റൻ കമാണ്ടാന്റ്‌റ് ഡിവാൻഷു, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി മുഹമ്മദ് ഷബീർ, ഡിഫെൻസ് അറ്റാച്ചേ ജി എസ് ഗ്രീവാൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.