കൊച്ചി- കേരളാ ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പി.വി ശ്രീനിജന്‍ എം.എല്‍.എ. കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നുമുള്ള വിവരം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തന്നെ അറിയിച്ചില്ലെന്ന് ശ്രീനിജിന്‍ വ്യക്തമാക്കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റെന്ന നിലയില്‍ ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു. സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ട സ്‌കൂളിന്റെ ഗേറ്റ് അടച്ചത് താനല്ലെന്നും, ഇന്ന് തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനിജിന്‍ വിശദീകരിച്ചു. സെലക്ഷന് വന്ന താരങ്ങള്‍ ദുരിതത്തിലായെന്ന വാര്‍ത്ത കണ്ടാണ് ഗേറ്റ് തുറക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഏര്‍പ്പെട്ടെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഇതുവരെ ഒരു അറിയിപ്പും വന്നിട്ടില്ല. സ്‌റ്റേഡിയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഏകപക്ഷീയമായി കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കേണ്ടതുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഇതിന്റെ സംരക്ഷകര്‍-ശ്രീനിജിന്‍ പറഞ്ഞു.
'കേരള ബ്ലാസ്‌റ്റേഴിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി കരാറുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു കരാറിലേര്‍പ്പെട്ടത്. ഒന്നര വര്‍ഷം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് പണം നല്‍കിയിരുന്നത്. കഴിഞ്ഞ 8 മാസമായി പണം നല്‍കുന്നില്ല.ഗേറ്റ് അടച്ചിട്ടത് ഞാനല്ല. ഇന്ന് തുറന്നുകൊടുക്കേണ്ടെന്ന സമീപനം എടുത്തുവെന്നേയുള്ളൂ'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ വാദം തള്ളിക്കളയും വിധമാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പ്രതികരിച്ചത്. ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് എം.എല്‍.എയില്‍നിന്ന് ഉണ്ടായതെന്ന് ഷറഫലി പ്രതികരിച്ചു. ഏപ്രില്‍ മാസം വരെയുള്ള കുടിശിക കേരളാ ബ്ലാസ്‌റ്റേഴ്‌സ് അടച്ചിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ ജില്ലകളിലെ സ്‌റ്റേഡിയങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാസ്‌റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്നും കരാര്‍ കാലയളവില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞു. ടൂര്‍ണമെന്റുകള്‍ നടത്തുകയോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് മുന്‍കൂര്‍ അനുമതി തേടേണ്ടതുള്ളൂവെന്നും ഷറഫലി വ്യക്തമാക്കി.