Sorry, you need to enable JavaScript to visit this website.

യുനെസ്‌കോ അംഗീകാരം അൽഹസ മരുപ്പച്ച ടൂറിസം രംഗത്തിന് പ്രചോദനമാകും

മരുഭൂമിയിലെ ഹരിതാഭ... അൽഹസ മരുപ്പച്ചയുടെ ദൃശ്യം.

ഈത്തപ്പനകൾ സമൃദ്ധമായി വളരുന്ന, ശുദ്ധജല അരുവികൾ ചാലിട്ടൊഴുകുന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ മരുപ്പച്ചയാണ് യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അൽഹസ മരുപ്പച്ച. ലോകത്ത് മണലുകൾ അതിരിട്ട ഏറ്റവും വലിയ മരുപ്പച്ചയും ഇതു തന്നെ. അൽഹസ മരുപ്പച്ചയിൽ ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ ഈത്തപ്പനകളുണ്ട്. ഇതിൽ പതിനഞ്ചു ലക്ഷത്തിലേറെയും ഫലം കായ്ക്കുന്നവയാണ്. പതിനാറായിരം ഹെക്ടർ (160 ചതുരശ്ര കിലോമീറ്റർ) ആണ് അൽഹസ മരുപ്പച്ചയുടെ വിസ്തീർണം. ബി.സി അഞ്ചാം നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്ര പൈതൃകങ്ങൾ അൽഹസ മരുപ്പച്ചയിലുണ്ട്. ചരിത്രാതീത കാലം മുതൽ മനുഷ്യവാസമുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നാണിത്. 
അറേബ്യൻ ഉൾക്കടൽ തീരത്തിനും അൽദഹ്‌നാ, അൽസ്വമാൻ മരുഭൂമികൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന മരുപ്പച്ചയിൽ ഈത്തപ്പനകൾക്കു പുറമെ വിവിധയിനം പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നു. സമുദ്ര നിരപ്പിൽനിന്ന് 120 മുതൽ 160 വരെ മീറ്റർ ഉയരത്തിലുള്ള അൽഹസ മരുപ്പച്ചക്ക് പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്ക് നേരിയ ചെരിവുണ്ട്. പ്രതിവർഷം ശരാശരി 50 മുതൽ 100 മില്ലിമീറ്റർ വരെ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഒരു ലക്ഷം ടൺ ഈത്തപ്പഴം ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. വിവിധയിനം പഴങ്ങൾ വിളയുന്ന നാലു ലക്ഷം മരങ്ങളും അൽഹസ മരുപ്പച്ചയിലുണ്ട്. പ്രതിവർഷം പതിമൂവായിരം ടൺ പഴങ്ങൾ ഇവിടെ ഉൽപാദിപ്പിക്കുന്നു. 1,800 ഹെക്ടർ വിസ്തീർണമുള്ള പ്രദേശത്ത് മറ്റു കൃഷികളുമുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ കാർഷിക പ്രദേശമാണ് അൽഹസ മരുപ്പച്ച. സമൃദ്ധമായ ഭൂഗർഭ ജലമാണ് പ്രാചീന കാലം മുതൽ അൽഹസ മരുപ്പച്ചയുടെ നിലനിൽപിനും വികാസത്തിനും സഹായകമാകുന്നത്. അൽഹസ മരുപ്പച്ചയുടെ സംരക്ഷണത്തിനും വികസനത്തിനും വിനോദ സഞ്ചാര വ്യവസായ മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിനും യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടതിലൂടെ സാധിക്കുമെന്ന് അൽഹസ മേയർ എൻജിനീയർ ആദിൽ അൽമുൽഹിം പറയുന്നു. 
മനാമയിൽ നടക്കുന്ന വേൾഡ് ഹെരിറ്റേജ് കമ്മിറ്റി യോഗമാണ് അൽഹസ മരുപ്പച്ചയെ ലോക പൈതൃകമായി അംഗീകരിച്ചത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള മുപ്പതു കേന്ദ്രങ്ങളുടെ നാമനിർദേശങ്ങളാണ് മനാമയിൽ ആരംഭിച്ച യുനെസ്‌കോ വേൾഡ് ഹെരിറ്റേജ് കമ്മിറ്റി ജൂൺ 24 മുതൽ വിശകലനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിശകലനങ്ങൾ ജൂലൈ നാലു വരെ തുടരും. സൗദിയിൽ നിന്ന് ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന അഞ്ചാമത്തെ കേന്ദ്രമാണ് അൽഹസ മരുപ്പച്ച. മദായിൻ സ്വാലിഹ് 2008 ലും റിയാദിലെ ദർഇയ 2010 ലും ഹിസ്റ്റോറിക് ജിദ്ദ ഏരിയ 2014 ലും ഹായിലിലെ ശിലാചിത്ര പ്രദേശങ്ങൾ 2015 ലും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതോടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു അൽഹസയിലേക്ക് സഞ്ചാരികളും സന്ദർശകരും പ്രവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 

Latest News