ഇടുക്കി - ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജിവി സങ്കേതത്തിലേക്ക് നാടുകടത്തിയ അരിക്കൊമ്പന്റെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പിരിവെടുത്ത് തട്ടിപ്പ് നടത്തുന്നതായി ആരോപണം. അരിക്കൊമ്പന് വേണ്ടി ചിലര്‍ ഏഴ് ലക്ഷത്തോളം രൂപ പിരിച്ചതായ പരാതിയെക്കുറിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ആനയ്ക്ക് ഭക്ഷണവും ചികിത്സയും നല്‍കാനെന്ന പേരില്‍ പണം പിരിച്ചെന്നാണ് ആരോപണം. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ കൊണ്ടു വരാന്‍ സമൂഹമാധ്യമങ്ങള്‍ വഴി പണം പിരിച്ചുവെന്നതിനെക്കുറിച്ചും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ ഫാന്‍സ് കേരളം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. നിലവില്‍ അരിക്കൊമ്പന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നിരവധി അക്കൗണ്ടുകള്‍ നിലിവിലുണ്ട്.