കോട്ടയം- മകന് മെഡിക്കല്‍ അഡ്മിഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പാലാ സ്വദേശിനിയില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. അമ്പത്തൂര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ ശിവപ്രകാശ് നഗര്‍ ഡോര്‍ നമ്പര്‍ 162ല്‍ വിജയകുമാറിനെ (47) ആണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പാലാ പൂവരണി സ്വദേശിനിയില്‍നിന്നാണ് മകന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയത്. പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പാലാ പോലീസ് നേരത്തെ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനു സാമുവലിനെ പിടികൂടിയിരുന്നു.
ഒളിവില്‍ പോയ കൂട്ടുപ്രതിയായ തമിഴ്‌നാട് സ്വദേശിക്ക് വേണ്ടി ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനക്ക് ഒടുവിലാണ് പ്രതിയെ തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഒളിവുസങ്കേതത്തില്‍നിന്ന് അതിസാഹസികമായി പോലീസ് സംഘം പിടികൂടിയത്. ഇയാള്‍ തട്ടിപ്പിനു വേണ്ടി 18 സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ഇയാള്‍ക്ക് തൃശൂര്‍ വെസ്റ്റ്, പന്തളം, അടൂര്‍ എന്നീ സ്‌റ്റേഷനുകളില്‍ സമാന രീതിയില്‍ പണം തട്ടിയെടുത്ത കേസുകള്‍ നിലവിലുണ്ട്. പാലാ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ ശ്രീജേഷ് കുമാര്‍, അരുണ്‍ കുമാര്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.