റിയാദ് - തീവ്രപരിചരണ വിഭാഗത്തിലെ രോഗശയ്യയിൽ വൈകല്യത്തെയും രോഗത്തെയും തോൽപിച്ച് ഇന്റർമീഡിയറ്റ്, സെക്കണ്ടറി പരീക്ഷകൾ ഉയർന്ന മാർക്കോടെ പാസായ സൗദി വിദ്യാർഥി അബ്ദുറഹ്മാൻ ആദിൽ മഗാവിക്ക് വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസയുടെ ആദരം.
വിദ്യാർഥിക്ക് സൗദി ഇലക്‌ട്രോണിക് യൂനിവേഴ്‌സിറ്റിയിൽ പ്രവേശനം നൽകുന്നതിന് മന്ത്രി നിർദേശിച്ചു. അസീർ സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞാണ് അബ്ദുറഹ്മാൻ ആദിൽ മഗാവി സെക്കണ്ടറി, ഇന്റർമീഡിയറ്റ് പരീക്ഷകൾ പാസായത്.
ഇച്ഛാശക്തിക്കും നിശ്ചയദാർഢ്യത്തിനും അതിരുകളില്ല എന്ന് അബ്ദുറഹ്മാൻ ആദിൽ മഗാവി തെളിയിച്ചതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉയർന്ന ഗ്രേഡോടെ സെക്കണ്ടറി പാസായത് എല്ലാ വകുപ്പുകളുടെയും പിന്തുണക്ക് വിദ്യാർഥിയെ അർഹനാക്കുന്നതായും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് പ്രയാസങ്ങൾ കൂടാതെ യൂനിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കുന്നതിന് അവസരമൊരുക്കുന്നതിന് സൗദി ഇലക്‌ട്രോണിക് യൂനിവേഴ്‌സിറ്റി പ്രത്യേക ശ്രദ്ധ നൽകുന്നതായി യൂനിവേഴ്‌സിറ്റി ഡയറക്ടർ ഡോ. അബ്ദുല്ല അൽമൂസ പറഞ്ഞു.