Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ മൂന്ന് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് വരുന്നു; ഫെഡറല്‍ കൗണ്‍സില്‍ അംഗീകരിച്ചു

അബുദാബി- യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്നായി ഉയര്‍ത്താന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അനുമതി നല്‍കി. വര്‍ക്ക് പെര്‍മിറ്റ് നേടുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന് എഫ്എന്‍സി കമ്മിറ്റി നല്‍കിയ ശുപാര്‍ശയാണ് അംഗീകരിക്കപ്പെട്ടത്.  
നിലവില്‍ രണ്ട് വര്‍ഷത്തേക്കാണ് യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സാധുവായ പെര്‍മിറ്റ് ഇല്ലാതെ ഒരാള്‍ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
സാമ്പത്തിക, വ്യാവസായിക കാര്യങ്ങള്‍ക്കുള്ള എഫ്എന്‍സി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് ശുപാര്‍ശകളും നിര്‍ദ്ദേശിച്ചിരുന്നു. പ്രൊബേഷന്‍ കാലയളവിനുശേഷം തൊഴിലാളികള്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്നാണ് എഫ്എന്‍സി അംഗീകരിച്ച മറ്റൊരു ശുപാര്‍ശ.  തൊഴിലുടമ സമ്മതിച്ചാല്‍ ഈ ഇത് ഒഴിവാക്കാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഈ വര്‍ഷം രാജ്യത്തുടനീളം പരിശോധനക്കായി 72,000 സന്ദര്‍ശനങ്ങള്‍ നടത്തിയതായി ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം എഫ്എന്‍സിയെ അറിയിച്ചു. വ്യാജ സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട 2,300 കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്.

 

Latest News