കോട്ടയം- എരുമേലിയിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി 584 കുടുംബങ്ങളെ ബാധിക്കുമെന്ന് സാമൂഹികാഘാത പഠനം. കര്‍ഷകര്‍, എസ്റ്റേറ്റ് തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ള ജനങ്ങളെയാണ് പദ്ധതി പ്രധാനമായും ബാധിക്കുകയെന്ന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 19 നാണ് കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്തിമ റിപ്പോര്‍ട്ട് അടുത്ത മാസം സമര്‍പ്പിക്കും.
അതിനു മുമ്പ് പൊതുജനങ്ങളെ കേള്‍ക്കും. അതില്‍ ഉയര്‍ന്നു വരുന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ആകെ 1039.8ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇവിടെ നടത്തിയ പഠനത്തിലാണ് 584 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്ന് തെളിഞ്ഞിരിക്കുന്നത്. ഇതില്‍ 358 ഭൂവുടമകള്‍, എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന 221 കുടുംബങ്ങള്‍, വാടകയ്ക്ക് താമസിക്കുന്ന അഞ്ച് കുടുംബങ്ങള്‍, എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ഇതില്‍ 182 കുടുംബങ്ങള്‍ കൃഷിയെ ആശ്രയിക്കുന്നവരാണ്.ആറ് ചെറുകിട കച്ചവടക്കാരുമുണ്ട്.
291 വീടുകളും ആറ് വാണിജ്യ കെട്ടിടങ്ങളും ഒരു സ്‌കൂളും പള്ളിയും പൊളിച്ചു നീക്കേണ്ടി വരുമെന്ന് കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റിനു പുറത്തെ 1416 പേരെയും ഉള്ളിലെ 875 പേരെയും പദ്ധതി നേരിട്ട് ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.