ജിദ്ദ - മധ്യപൗരസ്ത്യദേശത്തെ മുൻനിര മാധ്യമസ്ഥാപനമായ സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് ലാഭത്തിൽ ഏഴര ശതമാനം വളർച്ച. ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി 12.1 കോടി റിയാൽ ലാഭം നേടി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 11.25 കോടി റിയാലായിരുന്നു. വരുമാനം 12.5 ശതമാനം തോതിൽ വർധിച്ചതാണ് ആദ്യ പാദത്തിൽ ലാഭം ഉയരാൻ പ്രധാനമായും സഹായിച്ചതെന്ന് എസ്.ആർ.എം.ജി പറഞ്ഞു.
ഈ വർഷം ആദ്യ പാദത്തിൽ കമ്പനി വരുമാനം 88.46 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 78.63 കോടി റിയാലാണ് ഗ്രൂപ്പ് വരുമാനം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ കൊല്ലം നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി വരുമാനം 12.7 ശതമാനം തോതിൽ കുറഞ്ഞു. നാലാം പാദത്തിൽ കമ്പനി ആകെ 101.35 കോടി റിയാൽ വരുമാനം നേടിയിരുന്നു.