മലപ്പുറം-കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഏതാണ്ട് 35 ലക്ഷം രൂപ വിലവരുന്ന 570 ഗ്രാം സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്.
സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. അഭ്യന്തര വിപണിയില്‍ 35 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്നലെ വൈകുന്നേരം 8:15 ന് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പോലീസിന്റെയും കസ്റ്റംസിന്റെയും കടുത്ത പരിശോധന നിലനില്‍ക്കുന്ന ഈ സാഹചര്യത്തിലും സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന സ്വര്‍ണക്കടത്തിന് ഒരു കുറവുമില്ല എന്നത് ശ്രദ്ധേയമാണ്.