Sorry, you need to enable JavaScript to visit this website.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽ തടഞ്ഞ് എം.എൽ.എ; ഗേറ്റ് തുറപ്പിച്ച് മന്ത്രി, വാടക കുടിശ്ശിക ഇല്ലെന്ന് എം.പിയും

കൊച്ചി -  കേരളത്തിന്റെ പ്രതീക്ഷയായ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എം.എൽ.എ. വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി കൂടിയായ എം.എൽ.എ. എന്നാൽ മണിക്കൂറുകൾ താരങ്ങളെ പുറത്തുനിർത്തിയതിനെതിരെ പ്രതിഷേധം ഉയരുകയും കായിക മന്ത്രി ഇടപെട്ട് താരങ്ങളെ പ്രധാന ഗേറ്റിലൂടെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
 ഗേറ്റ് തുറന്നില്ലെങ്കിൽ പൂട്ട് പൊട്ടിക്കാൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് അധികൃതർ ഉടനെ ഗേറ്റ് തുറക്കുകയായിരുന്നു.
 അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷനാണ് കുന്നത്തുനാട് എം.എൽ.എ ഇടപെട്ട് തടഞ്ഞത്. കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗ്രൗണ്ടിലാണ് സംഭവം. വാടക നൽകിയില്ലെന്ന് പറഞ്ഞ് എം.എൽ.എ ഗേറ്റ് തുറക്കാൻ അനുവദിക്കാതിരിക്കുകയായിരുന്നു. എട്ട് മാസത്തെ വാടക കുടിശികയുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ, കുടിശ്ശികയില്ലെന്ന് ഹൈബി ഈഡൻ എം.പി പ്രതികരിച്ചു.
 നൂറിലേറെ കുട്ടികളാണ് ഇന്ന് രാവിലെ അണ്ടർ 17 ടീമന്റെ സെലക്ഷനായി എത്തിയത്. കാസർഗോഡ് നിന്ന് അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് രക്ഷിതാക്കൾ കുട്ടികളുമായി ഗ്രൗണ്ടിന് മുമ്പിൽ എത്തിയത്. അധികാരികൾ തമ്മിലുള്ള തർക്കത്തിൽ കുട്ടികളെ ബുദ്ധിമുട്ടിച്ചത് ശരിയായില്ലെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു.

Latest News