Sorry, you need to enable JavaScript to visit this website.

ഹര്‍ഷിന വീണ്ടും സമരം തുടങ്ങി, നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് യുവതി

ഫയല്‍ ചിത്രം

കോഴിക്കോട് - ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ അടിവാരം സ്വദേശിനി ഹര്‍ഷിന വീണ്ടും സമരം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നിലാണ് ഉപവാസ സമരം. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് വീണ്ടും സമരം ആരംഭിച്ചത്.
നേരത്തെ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു.. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തിയാണ് ഹര്‍ഷിനയുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചത്.  എന്നാല്‍ രണ്ട് ലക്ഷം രൂപ താന്‍ അഞ്ച് വര്‍ഷം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും തനിക്ക് അര്‍ഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് വീണ്ടും സമരത്തിനിറങ്ങിയത്.
2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയ്ക്ക് സിസേറിയന്‍ നടന്നത്. അന്നാണ് വയറ്റിനുള്ളില്‍ കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിന പറയുന്നത്. എന്നാല്‍ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളേജിലേതല്ലെന്നാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിയിലാണ്. ആ കാലഘട്ടത്തില്‍ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റില്‍ കത്രിക കണ്ടെത്തിയതും മെഡിക്കല്‍ കോളേജില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.

 

Latest News