റിയാദ് - ദൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് പ്രവാസി വെൽഫെയർ റിയാദ് ഐക്യദാർഢ്യ സംഗമം നടത്തി.
ബ്രിജ്ഭൂഷൺ എന്ന ബി.ജെ.പി എംപിയെ സംരക്ഷിക്കുന്നതിനായി ഭരണകൂടം താരങ്ങളുടെ സമരത്തെ അവഗണിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനം ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള ലോക വേദികളിൽ ഉയർത്തിപ്പിടിച്ച താരങ്ങളാണ് രാപ്പകൽ സമരം നടത്തുന്നത്. ഒളിമ്പിക്‌സ് അസോസിയേഷനും കായിക മന്ത്രാലയവും ചൂഷണത്തിനിരയായ താരങ്ങളെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. മുൻ കായിക താരങ്ങളിൽ ചിലർ മാത്രമാണ് ഈ ഘട്ടത്തിൽ സമരത്തെ പിന്തുണച്ചത്. പല താരങ്ങളും നിശബ്ദരാണ്. സംഘപരിവാർ ഭരണത്തിനു കീഴിൽ സ്ത്രീകളും കുട്ടികളും അരക്ഷിതരാണ്. നീതിക്കായി അവരിപ്പോൾ സമരമുഖത്താണുള്ളതെന്നും സംഗമം അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഖലീൽ പാലോട് ഉദ്ഘാടനം നടത്തി. ബാരിഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. അജ്മൽ ഹുസൈൻ (മലാസ് എഫ് സി), നിയാസ് അലി (പ്രവാസി വെൽഫെയർ എഫ്.സി), ഷഹനാസ് സാഹിൽ, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. ശിഹാബ് കുണ്ടൂർ സ്വാഗതവും ഷഹദാൻ എംപി നന്ദിയും പറഞ്ഞു.