Sorry, you need to enable JavaScript to visit this website.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി


തിരുവനന്തപുരം - മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാനായി താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കും.
അതേസമയം മലബാറില്‍ ഇത്തവണ 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സി ബി എസ് ഇ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളില്‍ കുറച്ച് പേരെങ്കിലും സ്റ്റേറ്റ് സിലബസിലേക്ക് മാറും. അങ്ങനെ വരുമ്പോള്‍ സീറ്റ് ക്ഷാമം പിന്നെയും കൂടും. മികച്ച ഗ്രേഡ് നേടിയവര്‍ക്ക് പോലും ഇഷ്ട വിഷയത്തിന് പഠിക്കാന്‍ കഴിയാതെ വരും. മലപ്പുറം ജില്ലയിലാണ് സീറ്റിന് വലിയ ക്ഷാമം നേരിടുക. ഇവിടെ 20,000ത്തോളം കുട്ടികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കില്ല. ജില്ലയില്‍ ഇത്തവണ എസ് എസ് എല്‍ സി വിജയിച്ചത് 77,827 പേരാണ്. സര്‍ക്കാര്‍ ,എയ്ഡഡ് സ്‌കൂളുകളിലായി ആകെ ഉള്ളത് 41950 സീറ്റുകള്‍ മാത്രമാണ്. 11,300 അണ്‍ എയ്ഡഡ് സീറ്റുകള്‍ കൂടെ ചേര്‍ന്നാല്‍ ആകെ 53,250 സീറ്റുകളാണുള്ളത്. താല്‍ക്കാലിക ബാച്ചുകളും ,വി എച് സി ,ഐ ടി ഐ സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാലും 20,000 വിദ്യാര്‍ത്ഥികള്‍ പുറത്താകും.സീറ്റ് ക്ഷാമം പഠിച്ച വി കാര്‍ത്തികേയന്‍ കമ്മിറ്റി മലബാറില്‍ 150 ഹയര്‍സെക്കണ്ടറി അധിക ബാച്ചുകള്‍ വേണമെന്നാണ് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ സ്‌കൂളുകളില്‍ സൗകര്യമൊരുക്കുന്നത് അടക്കമുള്ള പ്രതിസന്ധികള്‍ കാരണം ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയെന്നത് എളുപ്പമല്ല.

 

Latest News