ജിദ്ദ - ഏതാനും മണിക്കൂറുകൾക്കകം ബഹിരാകാശത്തേക്ക് യാത്രയാകുന്ന സൗദി ബഹിരാകാശ സഞ്ചാരികളായ അലി അൽഖർനിയും റയാന ബർനാവിയും കുടുംബാംഗങ്ങൾക്ക് അഭിവാദ്യം നേർന്നു. ഇരുവരും ഇന്ന് രാത്രി ഇന്റർനാഷണൽ സ്‌പേസ് സെന്ററിലേക്ക് യാത്ര തിരിക്കും. ബഹിരാകാശ യാത്രക്കുള്ള മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കി. തങ്ങൾ നടത്തുന്ന ബഹിരാകാശ യാത്ര സൗദി ജനതക്കും ഭരണാധികാരികൾക്കും ചരിത്രപരമായ പ്രാധാന്യം നൽകുന്നുവെന്ന് ഇരുവരും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭാവി തലമുറകളെ പ്രചോദിപ്പിക്കാൻ സഹായിക്കുന്ന, ബഹിരാകാശ മേഖലയിലെ പുതിയ ഘട്ടത്തിനാണ് തങ്ങളുടെ യാത്രയിലൂടെ തുടക്കമാകുന്നതെന്ന് ഇരുവരും പറഞ്ഞു.
പ്രിയപ്പെട്ട മാതൃരാജ്യത്തിനും മാനവരാശിക്കും ചരിത്ര നേട്ടങ്ങൾ കൈവരിക്കുന്നതിന് ബഹിരാകാശ യാത്ര നടത്തുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് റയാന ബർനാവി പറഞ്ഞു. ശാസ്ത്രത്തിന് അതിരുകളില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ തത്വത്തിൽ ഊന്നി ഞങ്ങൾ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിൽ മനുഷ്യരാശിയുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനും പര്യവേക്ഷണം നടത്താനും പോകുന്നു. രാജ്യത്തിന്റെ പ്രത്യാശകളും മോഹങ്ങളുമായാണ് തങ്ങൾ ബഹിരാകാശ യാത്ര നടത്തുന്നത്.
ശാസ്ത്ര, മെഡിക്കൽ ഗവേഷണ മേഖലകളിൽ പത്തു വർഷമായി താൻ പ്രവർത്തിക്കുന്നു. ആദ്യ സൗദി, അറബ് വനിതയെന്നോണം ബഹിരാകാശ യാത്ര നടത്തുന്നതിൽ താൻ അഭിമാനിക്കുന്നു. മുഴുവൻ സൗദി, അറബ് വനിതകളുടെയും സ്വപ്‌നങ്ങളുമായാണ് ബഹിരാകാശത്തേക്ക് താൻ പോകുന്നത്. സൗദി ഭരണാധികാരികളുടെ പിന്തുണയോടെയാണ് തനിക്ക് ഈ നേട്ടത്തിന് അവസരം ലഭിച്ചത്. ബഹിരാകാശത്തേക്ക് പോവുകയാണെന്ന കാര്യം ഓർക്കുമ്പോഴെല്ലാം അതിയായ സന്തോഷം തോന്നുന്നു. കാരണം ഇതിലൂട സ്വപ്‌നമാണ് യാഥാർഥ്യമാകുന്നത്. ഞാൻ ബഹിരാകാശത്തേക്ക് പോകുന്നുവെന്ന് അറിഞ്ഞപ്പോൾ, എന്റെ മുത്തശ്ശി എനിക്ക് 60 വർഷത്തിലേറെ പഴക്കമുള്ള രണ്ടു കമ്മലുകൾ സമ്മാനിച്ചതായും റയാന ബർനാവി പറഞ്ഞു.
സൗദികൾ എന്ന നിലയിൽ ശാസ്ത്ര പുരോഗതിയുടെ എല്ലാ മേഖലകളിലും മാന്യമായ സാന്നിധ്യമുണ്ടാകാൻ ഞങ്ങൾ ശീലിച്ചിരിക്കുന്നതായി അലി അൽഖർനി പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലെ ഒരു തുടർച്ചയാകും അടുത്ത ഞങ്ങളുടെ യാത്ര. ബഹിരാകാശ യാത്രയിൽ അഭിമാനിക്കുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. ദൗത്യത്തിനിടെ ശസ്ത്രീയ പരീക്ഷണങ്ങൾ നടത്താനും അവ വിദ്യാർഥികളുമായി ചേർന്ന് പ്രയോഗിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
സൗദി വ്യോമസേനയിൽ പൈലറ്റാണ് ഞാൻ. ഇപ്പോൾ ബഹിരാകാശത്തിൽ പരീക്ഷണം നടത്താനാണ് ആഗ്രഹിക്കുന്നത്. ഈ പുതിയ അനുഭവത്തിലൂടെ കടന്നുപോകുന്നതിനെ കുറിച്ച എന്റെ വികാരം വിവരണാതീതമാണ്. സൗദി അറേബ്യ നൽകിയ പരിശീലന അന്തരീക്ഷം വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ചതായും അലി അൽഖർനി പറഞ്ഞു.
പരിശീലനത്തിനിടെ അലി അൽഖർനിയെയും റയാന ബർനാവിയെയും അമേരിക്കയിലെ സൗദി അംബാസഡർ റീമ രാജകുമാരി നേരത്തെ സന്ദർശിച്ചിരുന്നു. നാസയുടെ സ്‌പേസ് എക്‌സ് മിഷൻ കൺട്രോൾ സെന്ററിൽ എത്തിയാണ് റീമ രാജകുമാരി സൗദി ബഹിരാകാശ യാത്രികരെ സന്ദർശിച്ചത്. സൗദി ബഹിരാകാശ ദൗത്യത്തിൽ പങ്കാളിത്തം വഹിക്കുന്ന റയാന ബർനാവി, അലി അൽഖർനി, മർയം ഫിർദൗസ്, അലി അൽഗാംദി എന്നിവരെ കിരീടാവകാശിയും പ്രധാനമന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്വീകരിച്ചിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശാസ്ത്ര ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ സൗദി, അറബ്, മുസ്‌ലിം വനിതയാണ് റയാന ബർനാവി. റയാന ബർനാവിയെയും അലി അൽഖർനിയെയും സഹായിക്കാൻ ഭൗമനിലയത്തിൽ ചുമതലപ്പെടുത്തപ്പെട്ടവരാണ് മർയം ഫിർദൗസും അലി അൽഗാംദിയും. ബഹിരാകാശ മേഖലയിലും അതിന്റെ സാങ്കേതികവിദ്യകളിലും സൗദി അറേബ്യയുടെ പങ്ക് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉന്നമിട്ട് ബഹിരാകാശ പ്രോഗ്രാമുകളിലും അതിന്റെ ശാസ്ത്ര, സാങ്കേതിക മേഖലകളിലും സ്വദേശികളുടെ പങ്ക് വർധിപ്പിക്കാനുള്ള ശ്രമമെന്നോണമാണ് പുതിയ ദൗത്യം.
ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്കുള്ള ആക്‌സിയം സ്‌പേസിന്റെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമായ എ.എക്‌സ്-2 ബഹിരാകാശ ദൗത്യ സംഘത്തിലാണ് അലി അൽഖർനിയും റയാന ബർനാവിയും പങ്കാളികളാകുന്നത്. സൗദി ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് ഫാൽക്കൺ-9 റോക്കറ്റ് ഫ്‌ളോറിഡയിലെ കേപ് കനാവറിലുള്ള കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ശൂന്യാകാശത്തേക്ക് കുതിച്ചുയരും. രണ്ടു അമേരിക്കക്കാർ കൂടി ഉൾപ്പെട്ട നാലംഗ സംഘം സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂളിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുകയും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയത്തിൽ പത്തു ദിവസം ചെലവഴിക്കുകയും ചെയ്യും. 1985 ൽ വ്യോമസേനാ പൈലറ്റ് ആയിരുന്ന സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ അമേരിക്ക സംഘടിപ്പിച്ച ബഹിരാകാശ യാത്രയിൽ പങ്കെടുത്ത് ആദ്യ സൗദി ബഹികാശ യാത്രികനായി മാറിയിരുന്നു.
#عاجل | ريانة والقرني يحييان ذويهما استعداداً للصعود لمركبة #الفضاء#نحو_الفضاءhttps://t.co/KZaibU5lgN pic.twitter.com/krgkgzZ9Iu
— أخبار 24 (@Akhbaar24) May 21, 2023