കൊച്ചി- 2000 രൂപാ നോട്ടുകൾ വിനിമയം ചെയ്യുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുമ്പോൾ രണ്ടായിരത്തിന്റെ നോട്ടുകൾ വിപണിയിൽ എടുക്കാക്കടലാസായി മാറി. നിയന്ത്രണ വിധേയമായി ബാങ്കുകളല്ലാതെ മറ്റാരും തന്നെ 2000 രൂപയുടെ നോട്ടുകൾ വാങ്ങാൻ തയ്യാറാകുന്നില്ല. സർക്കാർ സ്ഥാപനങ്ങൾ പോലും എടുക്കാതായതോടെ 2000 രൂപാ നോട്ടുകൾക്ക് ഇന്നലെ മുതൽ രാജ്യമെങ്ങും നിരോധനമാണ് ഫലത്തിൽ വന്നിരിക്കുന്നത്. സെപ്തംബർ 30 വരെ ബാങ്കുകളിൽ മാറ്റിയെടുക്കാൻ സമയമുള്ളതിനാൽ ആർക്കും വലിയ വേവലാതിയില്ലെന്നു മാത്രം.
2000 രൂപാ നോട്ടുകളുടെ വിനിമയത്തിന് തടസമില്ലെന്ന വിശ്വാസത്തിൽ നോട്ടുകൾ നൽകാൻ ശ്രമിച്ചവർക്കെല്ലാം നിരാശയാണ് ഫലം. വാങ്ങുന്നവൻ ബാങ്കിൽ കൊണ്ടു പോയി മാറ്റിയെടുക്കേണ്ടി വരുമെന്നതിനാൽ ആരും രണ്ടായിരത്തിന്റെ നോട്ട് വാങ്ങാൻ തയ്യാറല്ല. രണ്ടായിരത്തിന്റെ നോട്ട് ബാങ്കിൽ മാത്രമേ മാറാൻ പാടുള്ളൂ എന്നുമാണ് നോട്ട് സ്വീകരിക്കാത്തതിന് ഇടപാടുകാരോട് കച്ചവടക്കാർ കാരണമായി പറയുന്നത്.
ഇതിനിടെ ബിവറേജസ് കോർപറേഷന്റെ ഔട്‌ലെറ്റുകളിൽ 2000 രൂപാ നോട്ടിന് വിലക്കേർപ്പെടുത്തിയതും വിവാദമായി. മദ്യം വാങ്ങാൻ രണ്ടായിരം നോട്ടുമായി എത്തിയവർ നിരാശരായി. സ്വീകരിക്കരുതെന്നാണ് ബവ്കോ എംഡിയുടെ സർക്കുലർ. ഇത് നിയമവിരുദ്ധവും രാജ്യദ്രോഹ കുറ്റവുമാണെന്ന് അഭിഭാഷകനായ ശ്രീജിത് പെരുമന ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബെവ്‌കോ എംഡിക്ക് ലീഗൽ നോട്ടിസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ആർ ടി സി യിലും കഴിഞ്ഞ ദിവസം 2000 രൂപ നോട്ട് സ്വീകരിക്കാത്തിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പൊതുജനങ്ങൾക്ക് സെപ്തംബർ 30 വരെ രണ്ടായിരം രൂപ നോട്ടുകൾ ഇടപാടിനായി ഉപയോഗിക്കാമെന്നും പണമായി സ്വീകരിക്കാമെന്നും ആർ ബി ഐ വ്യക്തമാക്കിയിട്ടുരുന്നു. എന്നാൽ നാളെ മുതൽ പ്രതിദിനം 10 നോട്ടുകൾ മാത്രമേ ബാങ്ക് വഴി മാറ്റിയെടുക്കാനാകൂ. അതായത് 20,000 രൂപ വരെ.
കഴിഞ്ഞ ദിവസമാണ് രണ്ടായിരം രൂപ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. സെപ്തംബർ 30 വരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവിൽ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല. സെപ്തംബർ 30 വരെ രണ്ടായിരത്തിന്റെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകൾ സൗകര്യം ഒരുക്കുമെന്നും ആർ ബി ഐ അറിയിച്ചിരുന്നു.