ജിദ്ദ- വൃത്തിഹീനമായ പരിതസ്ഥിതിയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കാറ്ററിംഗ് സർവീസ് സ്ഥാപനം റെയ്ഡ് ചെയ്തു 16 പേരെ പിടികൂടിയതായി ജിദ്ദ മുൻസിപ്പാലിറ്റി അറിയിച്ചു. മുൻഭാഗത്തെ ഗെയ്റ്റുകൾ അടച്ച് പിൻവശത്തുള്ള താൽക്കാലിക ഗെയിറ്റു വഴിയായിരുന്നു സ്ഥാപനത്തിലേക്കു പ്രവേശനമൊരുക്കിയിരുന്നത്. കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായി ശേഖരിച്ചു വെച്ച നിലയിൽ കണ്ടെത്തി.
ഫ്രീസറുകൡ സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കൾ ഫാനിനു താഴെയാണ് സൂക്ഷിച്ചിരുന്നത്. പഴങ്ങളും പച്ചക്കറികളും പാറ്റയരിക്കുന്ന വിധവും ഡ്രൈനേജ് ഹോളുകൾ കിച്ചണിൽ തുറന്നിട്ട നിലയിലുമായിരുന്നു. ഇതിനുപുറമെ താമസക്കാർക്കുവേണ്ടി ശുചിത്വമില്ലാതെയും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാതെയും ഇതിനകത്ത് ബാർബർഷോപ്പും പ്രവർത്തിച്ചിരുന്നു. ബാർബർഷോപ്പ് ജീവനക്കാരൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.