റിയാദ് - ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാഘടനകൾ അൽജൗഫിൽ കണ്ടെത്തി. സൗദി അറേബ്യയുടെ വടക്ക് ഭാഗത്തെ അൽജൗഫിലെ ദുലയാത്ത് പർവതത്തിലാണ് സൗദി-അന്താരാഷ്ട്ര പുരാവസ്തു ഗവേഷകർ 8000- 9000 വർഷങ്ങൾക്ക് മുമ്പ് കൈകൾ കൊണ്ട് നിർമിച്ച പുരാതന ശിലാഘടനകൾ കണ്ടെത്തിയത്.
അന്താരാഷ്ട്ര ശാസ്ത്ര കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഹെറിറ്റേജ് അതോറിറ്റി വിവിധ ഭാഗങ്ങളിൽ പുരാവസ്തു സർവേ നടത്തിവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ പുരാവസ്തു ശേഷിപ്പ് കണ്ടെത്തിയത്. ചരിത്രാതീത കാലത്ത് മൃഗങ്ങളെ വേട്ടയാടുന്നതിനും മറ്റുമുള്ള കെണികളായി ഉപയോഗിച്ചിരുന്ന ശിലാഘടനകളാണിതെന്നാണ് അനുമാനം. മനുഷ്യന്റെ ബുദ്ധിപരമായ പെരുമാറ്റത്തിലെ ഒരു നാഴികക്കല്ലായി ഇത് വിശദീകരിക്കപ്പെടുന്നു. മരുഭൂമിയിലെ കല്ല് കെണികൾ എങ്ങനെയെന്ന് സങ്കൽപിക്കാൻ ഇത് ആധുനിക സമൂഹത്തെ സഹായിക്കും. പ്രകൃതിയോട് മനുഷ്യൻ ഇണങ്ങിയായിരുന്നു ജീവിച്ചിരുന്നതെന്നും ഇതിൽ നിന്ന് മനസ്സിലാകും.
1920 ൽ വിമാനത്തിൽ നിന്നാണ് ആദ്യമായി ഈ മൃഗക്കെണികളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് പ്ലസ് വൺ മാഗസിൻ പറയുന്നു. അഞ്ച് കിലോമീറ്ററിലധികം നീളമുള്ള മതിലുകളും അനുബന്ധങ്ങളും അടങ്ങുന്ന സങ്കീർണമായ പുരാവസ്തു കെട്ടിടങ്ങളാണിവ. ഒരു വലിയ പ്രദേശത്ത് കൂടിച്ചേർന്ന് കിടക്കുന്ന ഇവ ചെറിയ മുറികളാൽ പരസ്പരം ബന്ധിപ്പിച്ച രീതിയിലാണുള്ളത്. എന്നാൽ വന്യമൃഗങ്ങൾക്കുള്ള കെണിയായി ഇവയുടെ പ്രവർത്തനവും ഉപയോഗവും കഴിഞ്ഞ ഏതാനും വർഷങ്ങളായി തെളിയിക്കപ്പെട്ടിട്ടില്ല. സമാനമായ 6000 ഘടനകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
സൗദിയിൽ അടുത്തിടെ കണ്ടെത്തിയ കല്ല് കെണികളെ കുറിച്ചുള്ള രണ്ട് പെയിന്റിംഗുകൾ നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ ഗവേഷകർ പ്രസിദ്ധീകരിച്ചിരുന്നു. അൽജൗഫ് മേഖലയിലെ ജബൽ അൽദുലയാത്തിൽ 3.50 കിലോമീറ്റർ ദൂരത്തിൽ വേർതിരിച്ച രണ്ട് ജോഡി മരുഭൂ കല്ല് കെണികളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശത്ത് കണ്ടെത്തിയ 382 സെന്റിമീറ്റർ നീളവും 235 സെന്റിമീറ്റർ വീതിയുമുള്ള ഒരു കല്ലിൽ മരുഭൂമിയിലെ കല്ല് കെണിയുടെ ഒരു മിനിയേച്ചർ പെയിന്റിംഗ് വരച്ചിട്ടുണ്ട്. ഏകദേശം 8000 വർഷങ്ങൾക്ക് മുമ്പുള്ളതാണ്. കൂറ്റൻ കെട്ടിടങ്ങളുടെ മറ്റു മിനിയേച്ചർ ഘടനകളും മുമ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവ ദുലയാത്ത് ഘടനയുടെ അതേ കൃത്യതയോടെ ആയിരുന്നില്ല.