കൊച്ചി- കൊച്ചിയിലെ ഹാർബർ പാലത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെയും വനിത ഡോക്ടറെയും രക്ഷിക്കാൻ പോലീസിന്റെ ശ്രമം. വ്യാഴാഴ്ച രാത്രിയാണ് സി.ഐ മനുരാജും വനിത ഡോക്ടറും സഞ്ചരിച്ച കാർ എതിർദിശയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടമുണ്ടായിട്ടും കാർ നിർത്താതെ പോയി. പിന്നീട് രണ്ടു കിലോമീറ്റർ അകലെ ബൈക്കിലെത്തിയ യുവാക്കളാണ് കാർ തടഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സി.ഐയെയും വനിതാ ഡോക്ടറെയും പോകാൻ അനുവദിച്ചു. യുവാവിന്റെ എല്ലിന് പൊട്ടില്ലാത്തതിനാൽ കേസെടുക്കാനാകില്ല എന്നാണ് പോലീസിന്റെ ന്യായീകരണം. തോപ്പുംപടി പോലീസാണ് കേസ് അന്വേഷിക്കുന്നത്. അപകടമുണ്ടായ സ്ഥലത്ത് കാർ നിർത്താത്തതിന് കാരണം ഗതാഗത കുരുക്ക് ഒഴിവാക്കാനാണെന്ന ന്യായീകരണമാണ് സി.ഐ നടത്തിയത്.