കൊച്ചി- താരസംഘടനയായ 'അമ്മ'യുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ സമൂഹമധ്യത്തില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതോടെ അമ്മയെ ചോദ്യം ചെയ്ത നടിമാരേയും രാഷ്ട്രീയക്കാരേയും അവഹേളിക്കുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ ശബ്ദം സന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് വാട്‌സാപ്പ് വഴി ഗണേഷ് അയച്ച സന്ദേശമാണ് മാതൃഭൂമി ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. അമ്മ വിട്ടു പോയ നടിമാര്‍ സിനിമയിലും അമ്മയിലും സജീവമല്ല. ഇവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്നും ഗണേഷ് പറയുന്നു.
അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. സിനിമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് രൂപീകരിച്ചതാണ്. അതിന് പൊതുജനങ്ങളുടെ പിന്തുണ ആവശ്യമില്ല. രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ ചാനലുകളില്‍ വാര്‍ത്ത വരാന്‍ വേണ്ടി മാത്രമാണ്. പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുത്. വാര്‍ത്തകള്‍ രണ്ടു ദിവസം കൊണ്ട് അടങ്ങുമെന്നും ഗണേഷ് പറയുന്നു.
നാലു നടിമാര്‍ പുറത്തു പോയതു സംബന്ധിച്ച് അമ്മ അംഗങ്ങള്‍ ചാനലുകളില്‍ പ്രതികരിക്കരുത്. ഇവര്‍ അമ്മ സംഘടിപ്പിച്ച മെഗാഷോയില്‍ പോലും സഹകരിച്ചിട്ടില്ലെന്നും ഇവര്‍ക്ക് വേണമെങ്കില്‍ വേറെ സംഘടന ഉണ്ടാക്കാമെന്നും അതുകൊണ്ട് അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ഗണേഷ് പറയുന്നു.