Sorry, you need to enable JavaScript to visit this website.

മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ യുവാവിന്റെ ഭീഷണിയെന്ന് അച്ഛൻ  

തിരുവനന്തപുരം - എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടിയതിനു പിന്നാലെ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി രാഖിശ്രീയുടെ അച്ഛൻ രംഗത്ത്. മോള് മരിച്ചത് ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28-കാരന്റെ നിരന്തര ശല്യം സഹിക്കവയ്യാതെയാണെന്ന് അച്ഛൻ രാജീവൻ പ്രതികരിച്ചു.  
 കൂടെ ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി അച്ഛൻ പറഞ്ഞു. ആറുമാസം മുമ്പ് ഒരുക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകി നിരന്തരം ശല്യം ചെയ്യുകയായിരുന്നു. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനും നമ്പറുകൾ നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ ജീവനുണ്ടാവില്ലെന്ന് ഭീഷണിയുമുണ്ടായി. ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായും അവൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും അച്ഛൻ സങ്കടത്തോടെ പറഞ്ഞു. മോൾ ധൈര്യമായിരിക്കൂ, നമുക്ക് കേസ് കൊടുക്കാമെന്ന് മോളെ ആശ്വസിപ്പിച്ചിരുന്നതായും അച്ഛൻ പറഞ്ഞു.
  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ചിറയിൻകീഴ് പോലീസ് പറഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴ് ശാർക്കര ശ്രീശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ദേവു എന്ന ആർ.എസ് രാഖിശ്രീ. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. എസ്.എസ്.എൽ.സി ഫലം വന്ന ദിവസം സ്‌കൂളിൽ കുട്ടികളോടൊപ്പം ഒത്തുകൂടിയ ദേവു വൈകീട്ടോടെ ശുചിമുറിയിൽ ജീവനൊടുക്കുകയായിരുന്നു.


 

Latest News