കൊച്ചി- നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് പ്രതികൂട്ടിലായ താര സംഘടന 'അമ്മ' നടന്‍ തിലകനെതിരെ സ്വീകരിച്ച നിലപാട് തിരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. മരണനാനന്തരമായിട്ടെങ്കിലും തിലകനെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മകനും നടനുമായ ഷമ്മി തിലകന്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കി. അന്തരിച്ച നടന്മാരുടെ പട്ടികയില്‍ നിന്നും പോലും തിലകന്റെ പേര് വെട്ടിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഷമ്മി പറയുന്നു. പുതിയ പ്രസിഡന്റ് മോഹന്‍ലാലില്‍ പ്രതീക്ഷയുണ്ടെന്നും കത്തില്‍ അദ്ദേഹം പറയുന്നു. തന്റെ പിന്തുണ നടിമാര്‍ക്കാണെന്നും ഷമ്മി വ്യക്തമാക്കി.
നടനും എല്‍എഎയുമായ ഗണേഷ് കുമാറിന്റെ ഗുണ്ടാ സംഘം തന്നെ ഭീഷണിപ്പെടുത്തിയിട്ടു പോലും അമ്മ കണ്ട ഭാവം നടിച്ചില്ലെന്ന് ആരോപിച്ച് തിലകന്‍ എഴുതിയ കത്തി രണ്ടു ദിവസം മുമ്പ് മകള്‍ ഡോ. സോണിയ പുറത്തു വിട്ടിരുന്നു. തിലകന്‍ മോഹന്‍ലാലിന് എഴുതിയ കത്താണ് പുറത്ത് വന്നത്. മക്കളേക്കാള്‍ തിലകന്‍ വാത്സല്യം കാണിച്ചിരുന്നത് മോഹന്‍ലാലിനോടാണെന്നും സോണിയ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മകന്‍ ഷമ്മി അമ്മയ്ക്ക കത്ത് നല്‍കിയിരിക്കുന്നത്. ഇതോടെ അമ്മ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.